03 July Friday

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും ആശങ്കകളില്ലാതെ ഹയര്‍ സെക്കൻഡറി പരീക്ഷയും പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 

പാലക്കാട്
എസ്എസ്എൽസിക്ക് പിറകേ ഹയർ സെക്കൻഡറി പരീക്ഷയ്‍ക്കും ജില്ലയിൽ തുടക്കമായി. കോവിഡ്‌ ഭീതിയിൽ കനത്ത ജാഗ്രതയിലാണ്‌ പരീക്ഷ നടത്തിയത്‌‌. 148 കേന്ദ്രങ്ങളിൽ ഹയർ സെക്കൻഡറി പരീക്ഷ നടന്നു. പ്ലസ് വൺ പരീക്ഷ എഴുതേണ്ട 16,855 പേരിൽ 16,603 പേർ ഹാജരായി. 252 പേർ പരീക്ഷയ്‍ക്ക് എത്തിയില്ല. പ്ലസ്ടു പരീക്ഷയിൽ 12,938 പേരിൽ 90 പേരും എത്തിയില്ല. എത്താത്തവർക്ക് സേ പരീക്ഷയടക്കം എഴുതാൻ അവസരമുണ്ട്. 199 കേന്ദ്രങ്ങളിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 39,278 പേർ ഹാജരായി. 27പേർ മാത്രമാണ് എത്താതിരുന്നത്. 
കുട്ടികളെ എത്തിക്കാൻ രണ്ടാംദിനവും വിപുലമായ ക്രമീകരണം ഒരുക്കി. സ്‍കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ടാക്‍സികളിലുമായി കുട്ടികൾ കൃത്യ സമയം എത്തി. ശരീര താപനില പരിശോധിച്ചാണ് ഓരോരുത്തരെയും പരീക്ഷാകേന്ദ്രത്തിലേക്ക് കയറ്റിയത്. കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറുകളും നൽകി. ശാരീരിക അകലം ഉറപ്പിക്കാൻ നിർദേശങ്ങളുമായി അധ്യാപകരും എല്ലാ സ്‍കൂളുകളിലും സജീവമായിരുന്നു. പൊലീസ്, അ​ഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ജനപ്രതിനിധികൾ എന്നിവരും വിവിധ സ്‍കൂളിൽ എത്തി.
ആദ്യദിനത്തിൽ എസ്എസ്എൽസി പരീക്ഷയെഴുതാൻ 41 പേർ എത്താതിരുന്നപ്പോൾ ബുധനാഴ്‍ച 27പേരായി കുറഞ്ഞു. എസ്എസ്എൽസി പരീക്ഷ വ്യാഴാഴ്‍ച അവസാനിക്കും. വിഎച്ച്എസ്‍സിയിൽ ആറ് വിദ്യാർഥികൾ ഒഴികെ ബാക്കിയുള്ളവരെല്ലാം പരീക്ഷയ്‍ക്ക് എത്തി. സ്‍കൂളിന് മുന്നിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ​ഗതാ​ഗതം നിയന്ത്രിച്ചു. 
പരീക്ഷയ്‍ക്ക് എത്താതിരുന്ന കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇവർ എത്താൻ കഴിയാത്തത്‌ എന്തുകൊണ്ടെന്ന് പരിശോധിക്കും. എല്ലാവർക്കും സേ പരീക്ഷയ്‌ക്ക്‌   അവസരം നൽകും.  കുട്ടികളെല്ലാവരും മാസ്‍ക്ക് ധരിച്ചാണ് എത്തിയത്. മാസ്‍ക്കില്ലാത്തവർക്ക് സ്‍കൂളിൽനിന്ന്  നൽകി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top