03 December Friday

പ്രവാസി ഭദ്രതാ മൈക്രോ പദ്ധതി പ്രതീക്ഷയോടെ പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
കൽപ്പറ്റ
  കോവിഡിൽ കുടുങ്ങി തിരിച്ചു പറക്കാനാവാതെ ജീവിതം പ്രതിസന്ധിയിലായ പ്രവാസികളെ ചേർത്തുപിടിക്കാൻ പദ്ധതിയുമായി വീണ്ടും സംസ്ഥാന സർക്കാർ. അഞ്ചുലക്ഷം വരെ സ്വയംതൊഴിൽ വായ്‌പ ലഭ്യമാക്കുന്ന പ്രവാസി ഭദ്രതാ മൈക്രോ പദ്ധതിയുമായാണ്‌ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ സർക്കാർ കൈത്താങ്ങാവുന്നത്‌.  
   കുടുംബശ്രീ വഴി രണ്ടുലക്ഷം രൂപവരെ പലിശരഹിത വായ്‌പ നൽകുന്ന  പദ്ധതിയുൾപ്പെടെ നിരവധി ആശ്വാസ പദ്ധതികൾ നേരത്തെ  നടപ്പാക്കിയിരുന്നു.  ഇതിന്റെ തുടർച്ചയായിട്ടാണ്‌ പുതിയ പദ്ധതി.  ചൊവ്വാഴ്‌ച മൈക്രോ പദ്ധതിക്ക്‌ സംസ്ഥാനത്ത്‌  തുടക്കമാവും. കെഎസ്‌എഫ്‌ഇ വഴിയാണ്‌ നടപ്പാക്കുന്നത്‌.  25 ശതമാനം മൂലധന സബ്‌സിഡി ലഭിക്കും. കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക്‌ ആദ്യ നാലുവർഷം മൂന്നുശതമാനം പലിശ സബ്‌സിഡിയുമുണ്ടാവും. 
   കെഎസ്‌എഫ്‌ഇ ശാഖകൾ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. കേരള ബാങ്കുൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ,  പ്രവാസി സഹകരണ സൊസൈറ്റികൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വഴി പദ്ധതി വിപുലീകരിക്കും. നോർക്ക വഴി നടപ്പാക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്‌. 
 
സർക്കാരിന്‌ അഭിനന്ദനങ്ങൾ
  ജോലി നഷ്ടപ്പെട്ട്‌ പ്രതീക്ഷ അസ്‌തമിച്ച ആയിരങ്ങൾക്ക്‌ പദ്ധതി കൈത്താങ്ങാവും. നേരത്തെ പ്രഖ്യാപിച്ച വായ്പാ പദ്ധതിയിൽ നൂറുകണക്കിനാളുകൾ നോർക്ക വഴി അപേക്ഷ നൽകിയിട്ടുണ്ട്‌. പുതുതായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന്‌ എന്തു ചെയ്യണമെന്നറിയാതെ വലയുന്ന നൂറുകണക്കിന്‌ പ്രവാസികൾ ജില്ലയിലുമുണ്ട്‌. അവർക്കാകെ ഉണർവേകുന്ന പദ്ധതിയാണിത്‌. 
കെ കെ നാണു, കേരളാ പ്രവാസി സംഘം ജില്ലാ സെക്രട്ടറി 
 
വലിയ 
ഉപകാരമാവും
  തൊഴിൽ നഷ്ടപ്പെട്ട ഞങ്ങളെപ്പോലുള്ളവർക്ക്‌ പദ്ധതി വലിയ ഉപകാരമാവും. ജീവിതം വലിയ പ്രതിസന്ധിയിലാണ്‌. സൗദിയിലായിരുന്നു ജോലി. കോവിഡ്‌ കാരണം തൊഴിൽ നഷ്ടമായി. ആറുമാസമായി നാട്ടിലെത്തിയിട്ട്‌. തിരികെ പോകാനോ മറ്റൊരു ജോലി കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. 
എൽദോ സാമുവൽ, 
    പേരൂർ പടിഞ്ഞാറ്റത്തിൽ
    പൂമല, മണിച്ചിറ
 
 
ഏറെ സന്തോഷം
ലോക്‌ഡൗണിൽ കുടുങ്ങിയാണ്‌ തൊഴിൽ നഷ്ടപ്പെട്ടത്‌.  2019 ഡിസംബറിലാണ്‌ ലീവിന്‌ നാട്ടിൽ വന്നത്‌. തിരിച്ചുപോകാനായപ്പോഴേക്കും ലോക്‌ഡൗണായി. തുടർന്ന്‌ വിസ ക്യാൻസലായി നാട്ടിൽ തന്നെ നിൽക്കേണ്ടിവന്നു. ഡ്രൈവിങ്‌ നടത്തിയാണ്‌ ഉപജീവനം നടത്തുന്നത്‌. പദ്ധതി ഞങ്ങൾക്ക്‌ വലിയ അനുഗ്രഹമാകും.  
                                                           സിദ്ദിഖ്‌ മലായി
അച്ചൂർ, ആറാംമൈൽ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top