08 December Wednesday

നേമം സോണൽ ഓഫീസ്‌ ക്രമക്കേട്‌; സൂപ്രണ്ട്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
തിരുവനന്തപുരം
നേമം സോണൽ ഓഫീസ്‌ ക്രമക്കേടിൽ സൂപ്രണ്ട്‌ അറസ്‌റ്റിൽ. കേസിലെ രണ്ടാം പ്രതി ശാന്തിയെയാ(49) ണ്‌ നേമം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പൊലീസ്‌ അന്വേഷണം ശക്തമാക്കിയതോടെ ചൊവ്വ രാവിലെ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്‌തു.
 
ശാന്തിയെ കസ്‌റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകി. വിശദമായി ചോദ്യം ചെയ്യുന്നതിനും നഷ്ടമായ പണം കണ്ടെത്താനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണിത്‌. നേമം സോണൽ ഓഫീസിലെ ക്യാഷ്യർ സുനിതയെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ക്രമക്കേടിനെക്കുറിച്ച്‌ ശാന്തിക്ക്‌ അറിയാമായിരുന്നുവെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ നേമം ഇൻസ്പെക്ടർ രഗീഷ്‌കുമാർ പറഞ്ഞു. വ്യാജരേഖ ചമയ്‌ക്കാനും സുനിതയെ ഇവർ സഹായിച്ചിട്ടുണ്ട്‌. പണം നഷ്ടമായതും അറിഞ്ഞിരുന്നു. 
 
മേൽ നോട്ടത്തിൽ ഗുരുതര വീഴ്‌ചയുണ്ടായി. നേരത്തേ സുനിത പണം തട്ടാൻ  ഉപയോഗിച്ച സീൽ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഇവർക്ക്‌ വൻ കടബാധ്യതയുള്ളതായും കണ്ടെത്തി. തട്ടിപ്പിലൂടെ നേടിയ പണം കടം തീർക്കാൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ്‌ വിലയിരുത്തൽ. ശാന്തി സാമ്പത്തിക നേട്ടമുണ്ടാക്കിയോയെന്ന്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉൾപ്പെടെ പരിശോധിച്ചാലേ വ്യക്തമാകൂ. കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം അക്കൗണ്ട്‌, സാമ്പത്തിക സ്രോതസ്സ്‌ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കും. നേമം സോണൽ  ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
 
 സുനിതയ്ക്ക് ചൊവ്വാഴ്ച നെയ്യാറ്റിൻകര കോടതിയിൽ നിന്ന്‌ ജാമ്യം ലഭിച്ചു. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ നേമം സോണൽ ഓഫിസിൽ 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. മൂന്ന്‌ സോണൽ ഓഫീസുകളിൽ നടന്ന ക്രമക്കേടിൽ ഇതുവരെ നാല്‌ പേർ അറസ്‌റ്റിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top