09 December Friday

തൊഴിലാളികളുടെ നേതാവിന്‌ 
സിപിഐ എമ്മിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

ശിൽപ്പി ഉണ്ണി കാനായി പ്രതിമ നിർമാണത്തിനിടെ

കരകുളം
തൊഴിലാളികൾക്കും കർഷകർക്കുമൊപ്പം അടിയുറച്ചുനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർടി വളർത്തിയെടുത്ത നേതാവിന്‌ ആദരവുമായി സിപിഐ എം കരകുളം ലോക്കൽ കമ്മിറ്റി. 
കരകുളത്തും നെടുമങ്ങാട്ടും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്‌ കരകുളം കെ പി എന്ന കെ പി കരുണാകരന്‌ ശിൽപ്പി ഉണ്ണി കാനായിയുടെ കരവിരുതിൽ ശിൽപ്പം ഒരുങ്ങുന്നു.     കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. പാർടിയുടെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നതിൽ പങ്കുവഹിച്ചു. ഇതിനായി കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾ വിൽക്കുന്ന ‘പീപ്പിൾസ് ബുക്ക് ഹൗസ്’ എന്നപേരിൽ  സ്വന്തമായി പുസ്തക വിതരണശാല നടത്തിയിരുന്നു.
ആദ്യകാലത്ത് ജില്ലയിലെ ദേശാഭിമാനി പ്രചാരകനായിരുന്നു.  1964നു ശേഷം സിപിഐ എമ്മിനൊപ്പം എത്തി. കരകുളം സർവീസ് സഹകരണ സംഘം പ്രസിഡന്റ്‌, യുവജനസമാജം പ്രസിഡന്റ്‌, കരകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, പാൽ സഹകരണ സംഘം പ്രസിഡന്റ്‌ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ചു. മിന്നൽ കൊടി, വിശ്വ കേരളം, നവകേരളം എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.
കെ പിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചൊവ്വ വൈകിട്ട്‌ ആറിന്‌  സിപിഐ എം കരകുളം ലോക്കൽ കമ്മിറ്റി ഓഫീസായ കെ പി സ്മാരക മന്ദിരത്തിനു മുന്നിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്  പ്രതിമ അനാശ്ചാദനം ചെയ്യും. ഏണിക്കര ജങ്‌ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗവും ചേരും. കെ പിയുടെ കുടുംബാംഗമായ ജീജോ സുശീലനും സി സുശീലനുമാണ് പ്രതിമാ നിർമാണത്തിന്റെ ചെലവ്‌ നൽകുന്നത്.  ഉണ്ണി കാനായിയോടൊപ്പം സഹായികളായ ബാലൻ പാച്ചേനി, രതീഷ് വിറകൾ എന്നിവരും ശിൽപ്പം നിർമിക്കുന്നതിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top