05 August Wednesday

21 പേര്‍ക്ക് രോ​ഗം; കൈവിടരുത്‌ ജാഗ്രത

സ്വന്തം ലേഖകന്‍Updated: Saturday Jun 27, 2020
 
ആലപ്പുഴ
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്‌ വർധന. വെള്ളിയാഴ്‌ച 21 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്‌. സംസ്ഥാനത്ത്‌ രണ്ടാംദിവസവും ഏറ്റവും കൂടുതൽ രോഗികൾ രേഖപ്പെടുത്തിയ ജില്ലകളിൽ രണ്ടാമതാണ്‌ ആലപ്പുഴ.  ഇത്‌ ആറാം ദിവസവും ജില്ലയിൽ കോവിഡ് ബാധിതവരുടെ എണ്ണം പത്ത്‌ കടന്നു‌.  ഇതിൽ അവസാനത്തെ നാല്‌‌ ദിവസവും രോഗികളുടെ എണ്ണം 15 കടന്നു.  ചൊവ്വാഴ്‌ച 19 പേർക്കായിരുന്നു രോ​ഗം കണ്ടെത്തിയത്‌. ഞായർ–- 10, തിങ്കൾ–-12, ബുധൻ–-15, വ്യാഴം–-18 എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ രോ​ഗികളുടെ എണ്ണം. 
 വെള്ളിയാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ 14പേർ വിദേശത്തുനിന്നും ഏഴുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തിയതാണ്. കുവൈത്തിൽ നിന്നെത്തിയ പാലമേൽ, മാവേലിക്കര, ചേർത്തല, ചെന്നിത്തല, കായംകുളം (രണ്ട്), നൂറനാട്, വെൺമണി, മുഹമ്മ, കരുവാറ്റ, കുമാരപുരം സ്വദേശികൾ, ദമാമിൽനിന്നെത്തിയ അരൂക്കുറ്റി സ്വദേശി, റിയാദിൽനിന്നെത്തിയ പുലിയൂർ സ്വദേശിനി, ഖത്തറിൽനിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, മുംബൈയിൽനിന്നെത്തിയ ചെന്നിത്തല സ്വദേശിയായ അച്ഛനും മകനും, അരൂർ സ്വദേശികളായ അമ്മയും മകളും,  തലവടി സ്വദേശി, ഹൈദരാബാദിൽനിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി, തമിഴ്നാട്ടിൽനിന്നെത്തിയ അരൂക്കുറ്റി സ്വദേശി എന്നിവർക്കാണ് രോ​ഗം.  എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 157 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.  രോ​ഗമുക്തരുടെ എണ്ണം 105 ആയി. 

നിരീക്ഷണത്തിൽ 7130 പേർ

ആലപ്പുഴ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 7130 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 537 പേരെ നിരീക്ഷണത്തിലാക്കി. 607 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 5089 പേരെത്തി. 423 പേർ വെള്ളിയാഴ്‌ചയെത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 225 പേരുമെത്തി. ആകെ 14,247 പേർ. 21 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. അഞ്ചുപേരെ ഒഴിവാക്കി. 166 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ നിലവിലുള്ളത്. വെള്ളിയാഴ്‌ച 189 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top