18 July Thursday

ഇൻസിനറേറ്റർ നന്നാക്കാൻ നടപടിയില്ല ജനങ്ങളെ വിഷപ്പുക ശ്വസിപ്പിച്ച്‌ നഗരസഭ

സ്വന്തം ലേഖകൻUpdated: Thursday Jun 27, 2019
കാസർകോട്‌
നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ മാലിന്യങ്ങൾ കത്തിക്കാനുള്ള ഇൻസിനറേറ്റർ തകർന്നിട്ട്‌ ഒരുവർഷമായിട്ടും നന്നാക്കാൻ നടപടിയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ശുചീകരണത്തൊഴിലാളികൾ ശേഖരിക്കുന്ന ലോഡുകണക്കിന്‌ മാലിന്യമാണ്‌ നിത്യേന ഇവിടെയെത്തിക്കുന്നത്‌. നഗരമാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള ഏക ആശ്രയമാണിത്‌. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ വേർതിരിച്ച്‌ നിക്ഷേപിക്കണമെന്ന്‌ ജനങ്ങളോടും കച്ചവടക്കാരോടും ആവശ്യപ്പെടാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഇവ വേർതിരിക്കാൻ നഗരസഭയും തയ്യാറാകാത്തതിനാൽ പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യങ്ങളും ഇൻസിനറേറ്ററിന്‌ സമീപം കൂട്ടിയിട്ടിരിക്കുകയാണ്‌.  കത്തിക്കുമ്പോഴുണ്ടാകുന്ന പുകപടലങ്ങൾ പോകാനായി സ്ഥാപിച്ച കുഴലാകട്ടെ രണ്ടിടത്തായി തകർന്നിട്ടുണ്ട‌്. പുകക്കുഴലിന്റെ ആദ്യഭാഗം തകർന്നതിനാൽ അതിലൂടെ പുറത്തേക്ക്‌ വരുന്ന പുക കാരണം പ്രദേശത്തെ സ്ഥാപനങ്ങളിലുള്ളവർ കഠിനദുരിതം അനുഭവിക്കുന്നു. പുറത്തേക്ക്‌ വരുന്ന വിഷപ്പുക ദീർഘനാൾ ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായതും ക്യാൻസറും ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുമെന്നാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറയുന്നത്‌. 
കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും നടപടിയെടുക്കാൻ ഭരണസമിതി തയ്യാറായിട്ടില്ല.മാലിന്യം നിക്ഷേപിക്കാനുള്ള ട്രഞ്ചിങ്‌ ഗ്രൗണ്ട്‌ നഗരത്തിലെവിടെയുമില്ലാത്തതിനാൽ ചാക്കിൽ കെട്ടിയതും അല്ലാത്തതുമായ മാലിന്യങ്ങൾ ഇവിടെ കുന്നുപോലെ കൂട്ടിയിട്ടിയിട്ടുണ്ട‌്. പുതിയ ട്രഞ്ചിങ്‌ ഗ്രൗണ്ട്‌ കണ്ടെത്തുംവരെ വിദ്യാനഗറിലെ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റ്‌ മാത്രമാണ്‌ ആശ്രയം. തകർന്ന പുകക്കുഴലിലൂടെ മഴവെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങിയതോടെ ഇൻസിനറേറ്ററും പൂർണമായി ഉപയോഗിക്കാനാകുന്നില്ല. 
മാലിന്യങ്ങൾ നീക്കാനാകാത്തതോടെ ഇവിടേക്ക്‌ കടന്നുചെല്ലാനാകാത്ത അവസ്ഥയാണുള്ളത്‌. ഇൻസിനറേറ്ററിനോട്‌ ചേർന്നാണ്‌ പ്ലാസ്‌റ്റിക്‌ സംസ്‌കരണ യൂണിറ്റും പ്രവർത്തിക്കുന്നത്‌. ഇവിടെ വേർതിരിച്ച പ്ലാസ്‌റ്റിക്കുകൾ കൂട്ടിയിട്ടിരിക്കുന്നതും റോഡരികിലായാണ്‌. വെള്ളമിറങ്ങാതെ സൂക്ഷിക്കാനുള്ള മാർഗംപോലും ഇല്ലാതായതോടെ മഴയില്ലെങ്കിലും ഇവ കത്തിക്കാനാകാത്ത അവസ്ഥയാണ‌്. 
ശുചീകരണ തൊഴിലാളികളാണ്‌ ഇതിന്റെ ദുരിതം ഏറെയനുഭവിക്കുന്നത്‌. കൈയുറയും കാലുറയുമൊന്നുമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും നഗരസഭ മെനക്കെടുന്നില്ല. രോഗംബാധിച്ച്‌ ഏതുസമയവും കിടപ്പിലാകുമെന്ന ആശങ്കയോടെ ഗത്യന്തരമില്ലാതെയാണ്‌ ഇവർ ജോലിക്കത്തുന്നത്‌.  കടകളുൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഇവിടങ്ങളിൽ  ഇരുന്നൂറോളം തൊഴിലാളികളും ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലുണ്ട്‌. വിഷപ്പുക ശ്വസിച്ചും മറ്റും വിവിധതരം അസുഖങ്ങൾ ബാധിച്ച്‌ തൊഴിൽതന്നെ ഉപേക്ഷിച്ചവരും ഏറെയാണ്‌.
ആധുനിക രീതിയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കണമെന്ന ആവശ്യങ്ങൾക്ക്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. ഇതിന്‌ മുൻകൈയെടുക്കാത്ത നഗരഭരണക്കാർ പകരം സംവിധാനമൊരുക്കാനും തയ്യാറാകുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top