10 June Saturday

എളേരിയുടെ സ്വന്തം 
പദയാത്രികന് സ്നേഹപൂർവം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

വിരമിക്കുന്ന എളേരിയിലെ പോസ്റ്റുമാൻ ദാമോദരന് ഡിവൈഎഫ്ഐയുടെ ഉപഹാരം മേഖലാകമ്മിറ്റി അംഗം 
ശാന്തികൃപയും യൂണിറ്റ് സെക്രട്ടറി കെ ബി ആനന്ദും നൽകുന്നു

വെള്ളരിക്കുണ്ട്
നാൽപത്തി രണ്ടുവർഷം  കത്തുകൾ കൈമാറിയ ദാമോദരേട്ടൻ വിരമിക്കുമ്പോൾ കൈയിൽ കിട്ടിയത്‌ നിറയെ കത്തുകൾ. സ്‌നേഹം പൊതിഞ്ഞ അഭിവാദ്യക്കത്തുകൾ കണ്ട്‌ അദ്ദേഹം കണ്ണീരണിഞ്ഞു. എളേരിത്തട്ട് പോസ്റ്റ്ഓഫീസിലെ പോസ്റ്റുമാൻ ദാമോദരന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അഭിവാദ്യങ്ങൾ നേർന്ന് കത്തയച്ചത്.
‘വിരമിക്കുന്ന പോസ്റ്റ്മാന് ഒരു കത്ത്’ എന്ന  തലവാചകത്തോടെയാണ് കത്തുകൾ അയച്ചത്‌.  ആസാദ് സാബു എഴുതി: ‘‘ഏയ് കുഞ്ചു ഒരു കത്തുണ്ടല്ലോപ്പാ; ആട ഏടയെങ്കിലും കൊടുത്തോ ദാമോരേട്ടാ ഞാൻ പിന്ന വാങ്ങിക്കോളാം’’ എല്ലാ കത്തിന്റെ കാര്യവും കൃത്യമായി ഫോണിൽ വിളിച്ചറിയിക്കുന്ന ദമോദരേട്ടന്റെ കൃത്യതക്കുള്ള തെളിവായ കുറിപ്പുകൾ.
 ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കെ ബി ആനന്ദ് എഴുതുന്നു: ‘‘ആദ്യം  തത്തമ്മ, പിന്നീട് സ്റ്റുഡന്റ് ഇപ്പോൾ യുവധാരയും... കൃത്യമായി കൈകളിലെത്തിച്ച എളേരിയുടെ സ്വന്തം പദയാത്രികാ; ഒരായിരം ആശംസകൾ’’. 
എളേരിത്തട്ടിൽ 1982 ലാണ്‌ പോസ്റ്റ് ഓഫീസ് തുടങ്ങിയത്. അന്ന് മുതൽ ദാമോദരേട്ടനാണ്‌ പോസ്‌റ്റുമാൻ. 105 രൂപ ശമ്പളത്തിൽ തുടങ്ങി; പെൻഷൻ ഇല്ലാതെ പിരിയുമ്പോഴും അദ്ദേഹത്തിന്‌ സന്തോഷം മാത്രം.  
എളേരി, മങ്കം, മയിലുവള്ളി, വള്ളിക്കൊച്ചി, വിലങ്ങ്, അടുക്കളമ്പാടി, പലേരിത്തട്ട്, കുറത്തിമട, തൊട്ടിയിൽ, പുലിമട, കുണ്ടുപൊയിൽ, കുണ്ടുതടം, ചുള്ളി തുടങ്ങിയ പ്രദേശങ്ങളിൽ സൈക്കിൾ പോലും ഇല്ലാതെ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ്‌ ഇദ്ദേഹം കത്തുകൾ കൈമാറിയത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top