28 November Sunday
പഠനം പഴയപോലെ

അൺലിമിറ്റഡ്‌

സ്വന്തം ലേഖികUpdated: Tuesday Oct 26, 2021
കൊല്ലം
മൊബൈൽഡാറ്റയും റേഞ്ചും ചിലർക്കെങ്കിലും തടസ്സം തീർക്കുന്ന ഓൺലൈൻ ക്ലാസുകൾക്ക്‌ വിട നൽകാം. കളിയും ചിരിയും കുറുമ്പുമായി കുട്ടികളുടെ പഠനം പഴയപോലെ അൺലിമിറ്റഡാകുന്നു. ഒന്നരവർഷത്തെ ഡിജിറ്റൽ ക്ലാസിൽനിന്ന്‌ സാധാരണ ക്ലാസ്‌ മുറികളിലേക്ക്‌ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ സ്‌കൂളുകളും അണിഞ്ഞൊരുങ്ങി. ഒന്നു മുതൽ ഏഴുവരെയുള്ളതും എസ്‌എസ്‌എൽസി, പ്ലസ്‌ടു ക്ലാസുകളുമാണ്‌ ആരംഭിക്കുക. ബാക്കി ക്ലാസുകൾ 15നു തുടങ്ങും. സ്‌കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷണീയവുമാക്കാനുള്ള പ്രവർത്തനങ്ങൾ എല്ലായിടത്തും അന്തിമഘട്ടത്തിലാണ്‌. അധ്യാപകർക്കുള്ള പരിശീലനം ചൊവ്വാഴ്‌ച തുടങ്ങും. തിങ്കളാഴ്‌ച പ്രധാനാധ്യാപകർക്കുള്ള ബോധവൽക്കരണ ക്ലാസ്‌ നടന്നു. ജില്ലയിൽ ഹയർ സെക്കൻഡറി അടക്കം 1087 സ്‌കൂളാണ്‌ ഉള്ളത്‌. 
സുരക്ഷയ്‌ക്ക്‌ 
ബയോബബിൾ ഗ്രൂപ്പ്‌
വിദ്യാർഥികൾ അടുത്തിടപഴകുന്നത്‌ ഒഴിവാക്കാൻ ബയോബബിൾ ഗ്രൂപ്പുകൾ രൂപീകരിച്ചാണ്‌ ക്ലാസുകൾ നടത്തുക. ഗ്രൂപ്പിൽ ഒരു പ്രദേശത്തുനിന്നു വരുന്ന ആറുമുതൽ 10 വരെ കുട്ടികളുണ്ടാകും. ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ തമ്മിൽ മാത്രമേ സ്‌കൂളിന്‌ അകത്തും പുറത്തും അടുത്തിടപഴകാവൂ. ഇതിൽ ഒരാൾക്ക്‌ കോവിഡ്‌ ലക്ഷണമുണ്ടെങ്കിൽ ഗ്രൂപ്പിലുള്ള എല്ലാവരും ആറുദിവസം ക്ലാസിൽ വരരുത്‌.  
ബെഞ്ചിൽ 
രണ്ടു കുട്ടികൾ
ഒരു ബെഞ്ചിൽ പരമാവധി രണ്ടു കുട്ടികളെയാണ്‌ ഇരുത്തുക. ഓരോ ക്ലാസിലുള്ളവർക്കും ആദ്യ രണ്ടാഴ്‌ച ഉച്ചവരെയാണ്‌ ക്ലാസ്‌. ശനി പ്രവൃത്തിദിവസമാണ്‌. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാൻ  ബാച്ചുകളായി തിരിക്കും. ഒരു ബാച്ചിന്‌ തുടർച്ചായി മൂന്നുദിവസം ക്ലാസ്‌ നൽകും. അടുത്ത ദിവസം പുതിയ  ബാച്ചിനാകും അധ്യയനം. ഓരോ ക്ലാസിലെയും കുട്ടികൾക്ക്‌ സ്‌കൂളിൽ പ്രവേശിക്കാനും ഇടവേളയ്‌ക്കും വ്യത്യസ്‌ത സമയമാണ്‌ നിശ്‌ചയിച്ചു നൽകുക. ഉച്ചഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്‌. 
ശുചീകരണം 
അടഞ്ഞുകിടന്ന സ്‌കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്‌. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള  69 സ്‌കൂളുകളുടെ അടിയന്തര ശുചീകരണത്തിന്‌ 10,000 രൂപ വീതം അനുവദിച്ചു. കെട്ടിടങ്ങൾ മനോഹരമാക്കാൻ പെയിന്റിങ്‌, ചുമർ ചിത്രരചന എന്നിവയും പുരോഗമിക്കുന്നു. 
ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കാൻ സ്‌കൂൾ പരിസരത്തെ കാടുകളും മറ്റും വെട്ടിമാറ്റുന്നുണ്ട്‌. ക്ലാസ്‌ മുറികളും കഴുകി വൃത്തിയാക്കി. ബ്ലീച്ചിങ്‌ പൗഡറും വിതറുന്നു. പാചകപ്പുര, ഫർണിച്ചർ, സ്‌കൂൾ ബസ്‌, ലാബുകൾ എന്നിവ അണുവിമുക്തമാക്കി.  വിദ്യാഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥർ സ്‌കൂളുകൾ സന്ദർശിച്ച്‌ പ്രവർത്തനം വിലയിരുത്തി. 
ഡോക്ടർമാരുടെ 
സേവനവും
എല്ലാ സ്‌കൂളിലും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. പ്രാഥമികാരോഗ്യകേന്ദ്രം, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെ   ഡോക്ടറുടെ  സേവനമാണ്‌ ഉറപ്പാക്കുക. സ്‌കൂളിൽ സിക്‌ റൂം  ഉറപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top