22 October Tuesday
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ജില്ലയിൽ 36 സ്കൂളുകൾ പുതുമോടിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Jun 26, 2019
തിരുവനന്തപുരം 
ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്കൂളുകളുടെ നിർമാണപ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു. ജില്ലയിൽ രണ്ടു ഘട്ടങ്ങളിലായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മേൽനോട്ടത്തിൽ അഞ്ച് കോടി രൂപ വീതം ചെലവഴിച്ച‌് 14 സ‌്കൂളും മൂന്ന് കോടി രൂപ വീതം ചെലവിട്ട‌് 22 സ്കൂളുമാണ‌് നിർമിക്കുന്നത‌്. 
 
അഞ്ച് കോടിയുടെ വിഭാഗത്തിലുള്ള ആറ്റിങ്ങൽ ഗവ. ബോയ്സ്, വെഞ്ഞാറമൂട് ജിഎച്ച്എസ്എസ്, കഴക്കൂട്ടം ജിഎച്ച്എസ്എസ് എന്നിവയുടെ നിർമാണം ജൂലൈയിൽ പൂർത്തിയാകും. നെയ്യാറ്റിൻകര, കാലടി, നെടുമങ്ങാട്, മാരായമുട്ടം, പട്ടം, മണക്കാട്  എന്നീ സ്കൂളുകളുടെ നിർമാണം പകുതിയിലധികം പൂർത്തിയായി. ഇവയുടെ മുഴുവൻ പണിയും സെപ്തംബറിൽ തീർക്കും. ബാലരാമപുരം, മലയിൻകീഴ് സ്കൂളുകളിൽ നിർമാണം വൈകിയാണ് തുടങ്ങിയത്. ഇളമ്പ, വർക്കല സ്കൂളുകളിൽ നിർമാണ പ്രവർ ത്തനങ്ങൾക്ക് വേഗമില്ലാത്തതിനാൽ കരാറുകാർക്ക് നോട്ടീസ് നൽകി. പൂവച്ചൽ സ്കൂളിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കി. 
 
മൂന്ന് കോടി രൂപയുടെ  പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ കുളത്തൂർ സെപ്തംബറിലും ആറ്റിങ്ങൽ, കല്ലറ, പെരുമ്പഴതൂർ, ഭരതന്നൂർ, അവനവഞ്ചേരി സ്കൂളുകൾ ഡിസംബറിലും പൂർത്തിയാക്കും. വട്ടിയൂർക്കാവ്, മിതൃമ്മല, ഞെക്കാട്, പാളയംകുന്ന്, വെങ്ങാനൂർ, നെയ്യാർഡാം, തോന്നയ്ക്കൽ, പ്ലാവൂർ, വെള്ളനാട്, കിളിമാനൂർ എന്നീ സ്കൂളുകളിൽ ടെൻഡർ നടപടികൾ പൂർത്തിയായി. ആറ്റിങ്ങൽ ഡയറ്റ്, നാവായിക്കുളം, കളത്തൂർ (നെയ്യാറ്റിൻകര)  സ്കൂളുകൾ റീ ടെൻഡർ ചെയ്തു. കമലേശ്വരം സ്കൂളിന്റെ ഡിപിആറിൽ മാറ്റം വരുത്തും. കന്യാകുളങ്ങര, കോട്ടൺഹിൽ എന്നീ സ്കൂളുകൾ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. മുഴുവൻ സ്കൂളുകളുടെയും നിർമാണപ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാനും ഈ അധ്യയനവർഷം തന്നെ പൂർത്തിയാക്കാനും നടപടി സ്വീകരിച്ചു. സ്കൂളുകളുടെ നിർമാണ സ്ഥിതി www.kite.kerala.gov.in എന്ന വെബ‌്സൈറ്റിൽ ലഭിക്കും.
പ്രധാന വാർത്തകൾ
 Top