29 February Saturday

തനിച്ചല്ല നിങ്ങൾ, വിളിപ്പുറത്ത്‌ സുരക്ഷയുണ്ട്‌

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ജനമൈത്രിയുടെ സുരക്ഷാ പദ്ധതിയായ ബെൽ ഓഫ്‌ ഫെയ്‌ത്‌ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വയോജനങ്ങൾ ഇനി ജനമൈത്രി പൊലീസിന്റെ  സുരക്ഷാ തണലിൽ. തനിച്ച്‌ താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന ജില്ലാ പൊലീസിന്റെ പദ്ധതികളായ ‘ബെൽ ഓഫ് ഫെയ്‌ത്‌’ ‘ബിഎസ്‌എൻഎൽ ഹോട്ട്‌ലൈൻ’ എന്നിവയ്‌ക്ക്‌ തുടക്കമായി. 
 ഗുരുപുരംചിറയിൽ വീട്ടിൽ ജെ രാജമ്മയ്‌ക്ക്‌ ഉപകരണം കൈമാറി  മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്‌തു. 16 വർഷം മുമ്പ് ഭർത്താവ്‌ രാജപ്പൻ മരിച്ചു. മക്കളില്ലാത്ത രാജമ്മ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. 
ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷനായി. ജില്ല പൊലീസ് മേധാവി കെ എം ടോമി, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് കൗൺസിലർ എ എം നൗഫൽ, അസി. പൊലീസ് സൂപ്രണ്ട് വിവേക് കുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബി കൃഷ്‌ണകുമാർ, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ എസ് വേണുഗോപാൽ എന്നിവർ പദ്ധതി വിശദീകരിച്ചു.
 ‘ബെൽ ഓഫ് ഫെയ്‌ത്ത്‌’ പദ്ധതിയിൽ കീചെയിൻ വലിപ്പത്തിലുള്ള റിമോട്ടോടു കൂടിയ ഉപകരണം വീട്ടിൽ ഘടിപ്പിക്കും. റിമോട്ടിൽ ബട്ടൺ അമർത്തിയാൽ 100 മീറ്റർ പരിധിയിൽ കേൾക്കാവുന്ന സൈറൺ മുഴങ്ങും. വീണ്ടും അമർത്തിയാൽ ശബ്‌ദം നിൽക്കും. 
 ജില്ലയിൽ നാലായിരത്തോളം വയോജനങ്ങൾക്കാണ്‌ പദ്ധതി ഉപകാരപ്പെടുക. ജനമൈത്രി പൊലീസിന്റെ 2018-–19 പ്ലാൻ ഫണ്ടിലാണ് പദ്ധതി.  ബിഎസ്‌എൻഎൽ ലാൻഡ്‌ ഫോണുകൾ പൊലീസ് സ്‌റ്റേഷനിലെ ലാൻഡ്‌ലൈനുമായി ബന്ധിപ്പിച്ചാണ്‌ ഹോട്ട് ലൈൻ സംവിധാനം. സഹായം ആവശ്യമുള്ളപ്പോൾ റിസീവർ കൈയിലെടുത്താൽ ഡയൽ ചെയ്യാതെ തന്നെ 15 സെക്കന്റിനകം സമീപ പൊലീസ് സ്‌റ്റേഷനിലെ ഫോണിലേക്ക്‌ ഓട്ടോമാറ്റിക്‌ ആയി കണക്‌ടാവും. എത്രയുംവേഗം സഹായം ലഭ്യമാക്കുകയാണ്‌  പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 509 വയോജനങ്ങളെ ഉൾപ്പെടുത്തി 398 ലാൻഡ് ലൈനുകളിൽ ഈ സംവിധാനം പ്രവർത്തനമാരംഭിച്ചു.
പ്രധാന വാർത്തകൾ
 Top