18 September Wednesday
ഇന്നുമുതൽ നേത്രദാന പക്ഷാചരണം

രാജ്യത്ത്‌ 1.2 ലക്ഷംപേർക്ക്‌ നേത്രപടലാന്ധത

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
 
തിരുവനന്തപുരം
നേത്രദാനത്തിന്‌ ബോധവൽക്കരണവുമായി ഞായറാഴ്ച മുതൽ സെപ്‌തംബർ എട്ടുവരെ പക്ഷാചരണം സംഘടിപ്പിക്കും. എല്ലാ ജില്ലയിലും നേത്ര ക്യാമ്പുകൾ സംഘടിപ്പിക്കുകയും നേത്രപടലാന്ധത കണ്ടുപിടിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്യുമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ക്ലാസും സംഘടിപ്പിക്കും.രാജ്യത്ത്‌ 1,20,000 പേർക്ക്‌ നേത്രപടലാന്ധതയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ വർഷവും 30,000 പേർക്കാണ് നേത്രപടല ശസ്ത്രക്രിയ വേണ്ടിവരുന്നത്. 25,000 കണ്ണുകൾ മാത്രമേ ലഭ്യമാക്കുന്നുള്ളൂ. 
 
സംസ്ഥാനത്ത്‌ നേത്രപടലാന്ധത ബാധിച്ച 25,000–- 30,000 പേരുണ്ട്‌. ഓരോ വ്യക്തിയും നേത്രദാനത്തിനു സന്നദ്ധരാകണം. മരണശേഷം ആറു മണിക്കൂറിനുള്ളിൽ നേത്രപടലം നീക്കംചെ‌യ്യണം. ഏതുപ്രായത്തിലുമുള്ളവർക്കും പ്രമേഹ, രക്തസമ്മർദ, ആസ്ത്‌മ രോഗികൾക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കും ദാനംചെയ്യാം. 
 
മഞ്ഞപ്പിത്തം, കാൻസർ, പേവിഷബാധ, എച്ച്ഐവി ബാധയുള്ളവരുടെയും മരണകാരണം സ്ഥിരീകരിക്കാത്തവരുടെയും  കണ്ണ്‌ സ്വീകരിക്കില്ല. സ്വന്തം നേത്രാരോഗ്യസംരക്ഷണത്തിലും ശ്രദ്ധ വേണം. കണ്ണിലുണ്ടാകുന്ന ചെറിയ മുറിവുകൾക്കുപോലും വൈദ്യസഹായം തേടണം. അപകടകരമായ ജോലികൾ ചെയ്യുന്നവർ നേത്രസുരക്ഷയ്ക്കായി കണ്ണട വയ്ക്കണം. കർഷകർ കണ്ണിൽ കീടനാശിനി വീഴാതെ സൂക്ഷിക്കണം. മൊബൈൽ ഫോൺ, ടിവി, കംപ്യൂട്ടർ എന്നിവ ദീർഘനേരം ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top