06 December Friday
കരാറുകാരന്റെ അനാസ്ഥ

അങ്കണവാടി പുനർനിർമാണം വൈകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
 
അമ്പലപ്പുഴ
കല്ലിട്ട് നാല‌് മാസംകഴിഞ്ഞിട്ടും അങ്കണവാടി കെട്ടിടം പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറാകുന്നില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ നീർക്കുന്നം കിഴക്ക് 42–-ാം നമ്പർ അങ്കണവാടി കെട്ടിടനിർമാണമാണ‌് കരാറുകാരന്റെ അനാസ്ഥയിൽ വൈകുന്നത‌്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽനിന്ന് ഒരുവർഷം മുമ്പ് കുട്ടികളെ മാറ്റിയിരുന്നു. തുടർന്ന് കെട്ടിടം പ്രളയത്തിൽ തകർന്നു. അങ്കണവാടി പുനർനിർമിക്കാൻ ജില്ലാ പഞ്ചായത്ത് 14.5 ലക്ഷം രൂപ അനുവദിച്ചു. അങ്കണവാടിയിലുണ്ടായിരുന്ന 18-ഓളം കുട്ടികളെ സമീപവാസിയുടെ വീടിനോട് ചേർന്ന ഷെഡ്ഡിലേക്കാണ‌് മാറ്റിയത‌്. നിർമാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ഫെബ്രുവരി 19ന് കല്ലിട്ടശേഷം കരാറുകാരൻ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലന്ന് സമീപവാസികൾ പറഞ്ഞു. വീട്ടുപകരണങ്ങൾ സൂക്ഷിക്കാനായി നിർമിച്ച ഷെഡ്ഡിലാണ് ഇപ്പോൾ അങ്കണവാടിയുടെ പ്രവർത്തനം. 18- കുട്ടികളും രണ്ട് ജീവനക്കാരുമുള്ള അങ്കണവാടി പ്രവർത്തിക്കുന്ന താൽക്കാലിക ഷെഡ്ഡിന് വേണ്ടത്ര സൗകര്യങ്ങളുമില്ല. വീട്ടുടമയും ജീവനക്കാരും ചേർന്ന് 20,000- ത്തോളം രൂപ ചെലവഴിച്ചെങ്കിലും കാലവർഷം ശക്തമായതോടെ മഴയും കാറ്റുമേറ്റാണ‌്  കുട്ടികൾ കഴിയുന്നത്. വിഷയത്തിൽ അധിക‌ൃതർ ഇടപെട്ട‌് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top