കാസർകോട്
മലയോരത്തെ ജലക്ഷാമം പരിഹാരിക്കാൻ കാസർകോട് വികസന പാക്കേജിലൂടെ ചെക്കുഡാമുകൾ. മഴക്കാലത്ത് പാണത്തൂർ പുഴയിലെ വെള്ളം ശേഖരിച്ച് വേനൽക്കാലത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാകുന്ന കോടോം ബേളൂർ, കള്ളാർ പഞ്ചായത്തുകളിൽ വെള്ളം എത്തിക്കാൻ കൊട്ടോടി പാലത്തിന് സമീപം കാപ്പുങ്കര ചെക്ക് ഡാം നിർമാണം അന്തിമഘട്ടത്തിലാണ്. ചുള്ളിക്കര- കുറ്റിക്കോൽ റോഡിൽ കൊട്ടോടി പാലത്തിന് സമീപം ചെക്ക് ഡാമിന്റെ സർവെ പൂർത്തിയായി. പണാങ്കോട് ചെക്ക് ഡാം നിർമാണം 2018 ൽ പൂർത്തീകരിച്ചു. കൂടാതെ നദികളിൽ വിസിബികളും ചെക്ക് ഡാമുകളും നിർമിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ മുന്നേറുകയാണെന്ന് ഇറിഗേഷൻ കാഞ്ഞങ്ങാട് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി രമേശൻ പറഞ്ഞു.
കൊട്ടോടി ചെക്ക് ഡാം
പാണത്തൂർ പുഴയിൽ ചുള്ളിക്കര- കുറ്റിക്കോൽ റോഡിൽ കൊട്ടോടി പാലത്തിന് സമീപമാണ് ചെക്ക് ഡാമിന്റെ സർവെ നടത്തിയത്. കാസർകോട് വികസന പാക്കേജിൽ 2.6 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. യാഥാർഥ്യമാവുന്നതോടെ കള്ളാർ, കുറ്റിക്കോൽ പഞ്ചായത്തുകളിൽ ജലക്ഷാമത്തിന് പരിഹാരമാകും. 120 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യം ലഭ്യമാകും. സമീപത്തെ കിണറുകളും തണ്ണീർത്തടങ്ങളും റീച്ചാർജ് ചെയ്ത് ജലലഭ്യത ഉറപ്പാക്കാനും സാധിക്കും. 196 മീറ്റർ നീളമുള്ള നിർദ്ദിഷ്ട ചെക്ക്ഡാമിന് താഴ്ഭാഗത്ത് 2.5 മീറ്റർ വീതിയും മേൽഭാഗത്ത് 1.5 മീറ്റർ വീതിയുമാണുള്ളത്.
കാപ്പുങ്കര ചെക്ക് ഡാം കം
ബ്രിഡ്ജ്
കാപ്പുങ്കരയിൽ അഞ്ച് കോടി രൂപ ചെലവിൽ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജ് പൂർത്തിയാവുന്നതോടെ 150 ഹെക്ടർ പ്രദേശത്ത് ജലസേചനത്തിനും കുടിക്കാനും വെള്ളം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കള്ളാർ,- കുറ്റിക്കോൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലവും യാഥാർഥ്യമാകും. അപ്രോച്ച് റോഡ് മാത്രമാണ് നിർമിക്കാനുള്ളത്. ഫെബ്രൂവരി അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.
പണാങ്കോട് ചെക്ക് ഡാം
കോടോം- ബേളൂർ പഞ്ചായത്തിൽ പണാങ്കോട് ചെക്ക് ഡാം നിർമാണം 2018 ൽ പൂർത്തീകരിച്ചതാണ്. 227 ഹെക്ടർ പ്രദേശത്ത് കൃഷിക്കും സമീപ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും ചെക്ക് ഡാം സഹായകരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..