29 February Saturday

നിലവിളികളൊടുങ്ങാതെ...

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണി ഭവനിലെത്തിച്ച പ്രവീൺകുമാറിന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന ബന്ധുക്കൾ

 
തിരുവനന്തപുരം 
"എന്റെ കുട്ട്യോളെ ഒന്നിവിടെ കൊണ്ടുവരോ..' ഇരുളടഞ്ഞ മുറിയിലെ കട്ടിലിൽ തളർന്നുകിടന്ന്‌ പ്രവീണിന്റെ അമ്മ പ്രസന്ന ഇടയ്‌ക്കെപ്പൊഴോ വിതുമ്പി. തൊട്ടടുത്ത്‌ പ്രസീതയുടെ മടിയിൽ മക്കളായ ജാനകിയും ജാൻവിയും. ഒന്നും കണ്ടുനിൽക്കാൻ ശേഷയില്ലാതെ തകർന്നുലഞ്ഞുപോയ അച്ഛൻ കൃഷ്‌ണൻനായർ. ഒരു വാക്കിനാൽപ്പോലും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ കണ്ണീർവാർത്ത് കാഴ്‌ചക്കാരായി. വെള്ളിയാഴ്‌ച പുലർച്ചെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണി ഭവനിലേക്ക്‌ നാടാകെ ഒഴുകിയെത്തുമ്പോഴും വീടകം നിശ്ശബ്ദമായിരുന്നു. തേങ്ങലുകൾ ഉള്ളിലൊതുക്കി കണ്ണുനിറച്ച മുഖങ്ങൾ. തമ്മിൽ നോക്കാനാകാതെ അവർ തലകുനിച്ചിരുന്നു. രാവിലെ എട്ടോടെ പ്രിയപ്പെട്ടവരുമായി ആംബുലൻസുകൾ എത്തി. തണുത്തുറഞ്ഞ അഞ്ച്‌ മൃതദേഹങ്ങളും എത്തിച്ചതോടെ വിതുമ്പലുകൾ നിലവിളികളായി മുറ്റത്തേക്ക്‌. 
മരിച്ച മൂന്ന്‌ കുട്ടികളുടെയും ജന്മമാസമായിരുന്നു ജനുവരി. മൂത്തയാളായ ശ്രീഭദ്ര ജനുവരി മൂന്നിനും അഭിനവ്‌ 15നും ആർച്ച 31നുമാണ്‌ ജനിച്ചത്‌. നേപ്പാൾയാത്ര കഴിഞ്ഞെത്തിയാൽ അപ്പൂപ്പൻ വാങ്ങുന്ന കേക്കും അമ്മൂമ്മയുണ്ടാക്കുന്ന  പായസവുമെല്ലാമായി ആർച്ചയുടെ ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു എല്ലാവരും. 
അയ്യൻകോവിലിലെ ഉത്സവം ആഘോഷിക്കാൻ 30ന്‌ കുടുംബത്തിനൊപ്പം എത്തുമെന്ന്‌ സുഹൃത്തുകളോട്‌ പ്രവീൺ പറഞ്ഞിരുന്നു. പുറത്തെ പന്തലിൽ പ്രവീണും ശരണ്യയും മൂന്ന്‌ കുരുന്നുകളും മടക്കയാത്ര കാത്തുകിടക്കവെ ആഘോഷങ്ങളെ കാത്തിരുന്ന രോഹിണിഭവന്റെ ചുവരുകൾക്കുള്ളിൽ നിലവിളികളുയർന്നു.
 
 
പ്രധാന വാർത്തകൾ
 Top