29 February Saturday

കത്തിയ ബോട്ടിന്‌ ലൈസൻസില്ല

സ്വന്തം ലേഖകന്‍Updated: Saturday Jan 25, 2020

തീപിടിത്തമുണ്ടായ പുരവഞ്ചിയിൽനിന്നും രക്ഷപ്പെട്ട കണ്ണൂർ സ്വദേശികളായ യാത്രക്കാർ നാട്ടിലേക്ക്‌ മടങ്ങാനായി സർക്കാർ അതിഥി മന്ദിരത്തിൽനിന്ന്‌ പുറത്തേക്ക്‌ വരുന്നു

 
ആലപ്പുഴ
പാതിരാമണലിന്‌ സമീപം വേമ്പനാട്ട്‌ കായലിൽ വ്യാഴാഴ്‌ച കത്തിയമർന്ന ഹൗസ്‌ ബോട്ടിൽ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്ന്‌ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ലൈസൻസില്ലാതെയാണ്‌ ബോട്ട്‌ സർവീസ്‌ നടത്തിയതെന്നും തെളിഞ്ഞു. കേരള മാരിടൈം ബോർഡിന്റെ ചീഫ്‌ സർവേയറുടെ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.  
പരിസ്ഥിതിക്കു ഗുരുതരമായ ആഘാതമുണ്ടാക്കുന്നതിനാൽ ബോട്ടിന്റെ അവശിഷ്‌ടം വേഗം നീക്കം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്‌തു. പാതിരാമണലിന്‌ സമീപം ബോട്ട്‌ നങ്കൂരമിട്ട സ്ഥലത്ത്‌ നേരിട്ടെത്തിയാണ്‌ പരിശോധന. തീപിടിത്തത്തിന്റെ കാരണം അറിയാൻ ഫൊറൻസിക്‌ വിദഗ്‌ധരും പാതിരാമണലിൽ എത്തിയിരുന്നു. 
 ‘ബാംബൂ ഗ്രീൻ’ ബോട്ടിന്‌ 2014 ജനുവരി എട്ടിനാണ്‌ ചീഫ്‌ സർവേയർ താൽക്കാലിക ലൈസൻസ്‌ നൽകിയത്‌. മാർച്ച്‌ 31നകം രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാൻ അന്ന്‌ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത്‌ പാലിക്കാതെ അനധികൃതമായി ബോട്ട്‌ സർവീസ്‌ നടത്തി. രജിസ്‌ട്രേഷനായി 2018 നവംബർ 14ന്‌ ഹാജാരാക്കി. പക്ഷേ മതിയായ രേഖകളും 2010ലെ കേരള ഇൻലാൻഡ്‌ വെസൽസ്‌ ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാലും മതിയായ രേഖകൾ ഇല്ലാത്തതിനാലും രജിസ്‌ട്രേഷൻ നൽകിയില്ല. തുടർന്ന്‌ കഴിഞ്ഞവർഷം സെപ്‌തംബർ 20ന്‌ ബോട്ടിന്റെ പ്രവർത്തനം നിർത്തിവെക്കാൻ രജിസ്‌റ്ററിങ്‌ അതോറിറ്റി ഉടമയ്‌ക്ക്‌ മെമ്മോ നൽകി. പക്ഷേ ഇത്‌ ലംഘിച്ച്‌ ബോട്ട്‌ സർവീസ്‌ തുടരുകയായിരുന്നു. 
 ബോട്ടിൽ നിന്ന്‌ പ്രാണരക്ഷാർഥം കായലിൽ ചാടിയ യാത്രക്കാർ ലൈഫ്‌ ജാക്കറ്റുകളോ മറ്റ്‌ സുരക്ഷാ ഉപകരണങ്ങളോ ധരിച്ചിരുന്നില്ല എന്ന്‌ വീഡിയോ പരിശോധനയിൽ വ്യക്തമായി. 
 തീ കെടുത്താനുള്ള  അഗ്നിശമനാ ഉപകരണങ്ങൾ ജീവനക്കാർ പ്രവർത്തിപ്പിച്ചില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്‌. ഈ ഉപകരണങ്ങൾ ബോട്ടിൽ ഉണ്ടായിരുന്നില്ലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. രക്ഷാഉപകരണങ്ങൾ ഇല്ലായിരുന്നുവെന്ന്‌ അപകടത്തിൽ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട മട്ടന്നൂർ ഐഷാസിൽ മുഹമ്മദ്‌ഫസലും കുടുംബവും ആരോപിച്ചിരുന്നു. 
അതിനിടെ  ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകളും നിയമലംഘനവും കണ്ടെത്താൻ പൊലീസിന്റെ  പരിശോധന തുടങ്ങി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ വിശദമായ പരിശോധന ശനിയാഴ്‌ച നടക്കും. പൊലീസിനു പുറമെ പോർട്‌, റവന്യൂ, ഫയർ ആൻഡ്‌ റസ്‌ക്യൂ എന്നീ വകുപ്പുകളാകും മുഖ്യമായും പരിശോധനയിൽ പങ്കെടുക്കുക.
പ്രധാന വാർത്തകൾ
 Top