29 February Saturday

മണ്ണുകടത്ത്‌ തടഞ്ഞ യുവാവിനെ ജെസിബികൊണ്ട് അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
കാട്ടാക്കട
സ്വന്തം പുരയിടത്തിൽനിന്ന്‌ അനധികൃതമായി മണ്ണ് കടത്തുന്നത് തടഞ്ഞ യുവാവിനെ മണ്ണ് മാഫിയാ സംഘം ജെസിബിയുടെ ബക്കറ്റ് കൊണ്ട്‌ അടിച്ചുകൊന്നു. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതാ ഭവനിൽ സംഗീത് (35)ആണ് മരിച്ചത്. കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരംവിളയിലാണ്‌ സംഭവം. സംഭവത്തിൽ വിജിൻ എന്നയാൾ കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. അടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെമ്പനാകോട് സ്വദേശി ഉത്തമന്റേതാണ് മണ്ണെടുക്കാൻ എത്തിച്ച ടിപ്പറുകൾ. ജെസിബി ചാരുപാറ സ്വദേശി സജുവിന്റേതും. ജെസിബിയും രണ്ട് ടിപ്പറുകളും അക്രമികൾ വന്ന ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. രാത്രി പുരയിടത്തിൽ ജെസിബിയും ടിപ്പറും ഉപയോഗിച്ച്‌ മണ്ണെടുക്കുകയായിരുന്നു. സംഗീത് കോട്ടമുകളിലെ തന്റെ കോഴിഫാമിൽ പോയിരുന്ന സമയത്താണ്‌  സംഗീതിന്റെ വീടിന്റെ പുറകിലെത്തി മണ്ണ് കടത്താൻ ശ്രമിച്ചത്. ഭാര്യ ഫോണിൽ വിവരം അറിയിച്ചതോടെ സംഗീത് സ്ഥലത്തെത്തി. തന്റെ പുരയിടത്തിലെയും അതിരിനടുത്തുള്ള സഹോദരിയുടെ പുരയിടത്തിലെയും മണ്ണ് കോരി മാറ്റുന്നത്‌ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മണ്ണെടുക്കാനാവില്ലെന്നും പൊലീസ് വന്നിട്ട് പോയാൽ മതി എന്നും സംഗീത്‌ പറഞ്ഞു. വാഹനങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംഗീത് വഴിയിൽ തന്റെ  കാർ കുറുകെയിട്ട്‌ സംഘത്തെ തടഞ്ഞു. കൂടുതൽ ക്രിമിനലുകളെ വരുത്തി കാർ തള്ളി നീക്കി വീടിന്റെ പിറകുവശത്തെ ഷെഡ്ഡ് ഉൾപ്പെടെ തകർത്തു പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ജെസിബിയും ടിപ്പറും തടയാൻ ശ്രമിച്ചതിനിടയിലാണ്‌ ജെസിബി ബക്കറ്റുകൊണ്ട് സംഗീതിനെ അടിച്ചുവീഴ്ത്തിയത്. 
ശ്രീഹരി (6), സങ്കീർത്തന(മൂന്നര)എന്നിവരാണ് മക്കൾ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഗൾഫിലുള്ള അമ്മ പ്രഭയും സഹോദരി അർച്ചനയും എത്തിയശേഷം ശനിയാഴ്ച രാവിലെ 11ന്‌ വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രധാന വാർത്തകൾ
 Top