05 December Monday
ജില്ലാ സ്‌കൂൾ കായികമേള

കൗമാരക്കുതിപ്പ്‌

ജിജോ ജോർജ്‌Updated: Thursday Nov 24, 2022

പിറ്റിലെ കൊടുങ്കാറ്റ്‌ ......ജൂനിയർ പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ സ്വർണം നേടിയ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിലെ ലാഷിമ ഫിദ

 
തേഞ്ഞിപ്പലം
കത്തുന്ന വെയിലിൽ തളർന്നിരുന്നില്ല, കായിക കൗമാരം കലിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ തീപ്പന്തമായി. രണ്ട്‌ വർഷത്തെ ഇടവേള കഴിഞ്ഞ്‌ ജില്ലയിലെ കൗമാരതാരങ്ങൾ ട്രാക്കിൽ പോരിനിറങ്ങിയപ്പോൾ ആവേശം ആകാശംതൊട്ടു. വീണ്ടും ട്രാക്കിലിറങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളിൽ ദൃശ്യമായിരുന്നു. താരങ്ങളുടെ പങ്കാളിത്തംകൊണ്ടും മീറ്റ്‌ സമ്പന്നമായി. മൂവായിരത്തിലധികം പേരാണ്‌ മേളയിൽ മാറ്റുരയ്‌ക്കുന്നത്‌.  
ആദ്യദിനം 26 ഫൈനൽ പൂർത്തിയായപ്പോൾ 41 പോയിന്റുമായി കടകശേരി ഐഡിയൽ എച്ച്‌എസ്‌എസ്‌ മുന്നേറ്റം തുടങ്ങി. നിലവിലെ ജേതാക്കളായ ഐഡിയൽ ആദ്യദിനം ആറ്‌ സ്വർണവും മൂന്ന്‌ വെള്ളിയും രണ്ട്‌ വെങ്കലവും സ്വന്തമാക്കി. അഞ്ച്‌ സ്വർണവും ഒരു വെള്ളിയും രണ്ട്‌ വെങ്കലവുമടക്കം 30 പോയിന്റുമായി ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ്‌എസാണ്‌ രണ്ടാം സ്ഥാനത്ത്‌. ഒമ്പത്‌ പോയിന്റുമായി ആർഎംഎച്ച്‌എസ്‌ മേലാറ്റൂർ മൂന്നാമതും എട്ട്‌ പോയിന്റുമായി പൂക്കളത്തൂർ സിഎച്ച്‌എംഎച്ച്‌എസും തൂത ഡിയുഎച്ച്‌എസ്‌എസുമാണ്‌ നാലാമത്‌.  
ഉപജില്ലാ വിഭാഗത്തിൽ 41 പോയിന്റുമായി എടപ്പാളാണ്‌ മുന്നിൽ. 40 പോയിന്റുമായി തിരൂർ തൊട്ടുപിന്നിലുണ്ട്‌. എടപ്പാൾ ഉപജില്ലയുടെ മുഴുവൻ പോയിന്റും ഐഡിയൽ സ്‌കൂളിന്റെ സംഭാവനയാണ്‌. ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ്‌എസിന്റെ ചിറകിലാണ്‌ തിരൂരിന്റെ കുതിപ്പ്‌. മങ്കട ഉപജില്ലാ മൂന്നാമതും (14) മേലാറ്റൂർ (11) നാലാമതുമാണ്‌.  
ചാമ്പ്യൻഷിപ്പ്‌  പി അബ്ദുൾ ഹമീദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എ പി ജമീല അധ്യക്ഷയായി. കലിക്കറ്റ്‌ സർവകലാശാലാ വി സി ഡോ. എം കെ ജയരാജ്‌, ഡിഡിഇ കെ പി രമേഷ്‌കുമാർ, പി ടി ബിന്ദു, പി സി അബ്ദുൾ ലത്തീഫ്‌, ധനരാജ്‌ ഗോപിനാഥ്‌, ഇസ്‌ഹാക്ക്‌, ടി രത്‌നാകരൻ, വി റഷീദ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top