16 January Saturday

വെളിച്ചം നാടാകെ

സ്വന്തം ലേഖികUpdated: Tuesday Nov 24, 2020
കൊല്ലം
മാനത്ത്‌ കാർമേഘം ഇരുണ്ടുകൂടുമ്പോഴേക്കും വീടുകളിലെ വൈദ്യുതിവെളിച്ചം അണയും... നാലരവർഷം മുമ്പുവരെ കേരളത്തിലുണ്ടായിരുന്ന പ്രതിഭാസമാണിത്‌. എൽഡിഎഫ്‌ സർക്കാർ ഭരണത്തിലേറിയതുമുതൽ ഇതു കേട്ടുകേൾവിയായി. പവർക്കട്ടും ലോഡ് ഷെ‌ഡിങ്ങും പഴങ്കഥകളായി. വോൾട്ടേജ് ‌വ്യതിയാനമില്ലാതെ വൈദ്യുതി വിതരണം, പ്രസരണ നഷ്ടംകുറയ്‌ക്കൽ, സൗരോർജമടക്കമുള്ള പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജപ്രവാഹം എന്നിവയാൽ ജില്ലയുടെ ഇരുട്ട്‌ അകറ്റുകയാണ്‌ വൈദ്യുതിബോർഡ്‌. കിഴക്കൻ മലയോരമേഖലയായ റോസ്‌മലയിൽ ഇരുന്നൂറിലധികം കുടുംബങ്ങൾക്ക്‌ 2.35  കോടി വിനിയോഗിച്ച്‌ വെളിച്ചമെത്തിച്ചു. ഒരുകാലത്തും വൈദ്യുതി വിതരണം സാധ്യമാകില്ലെന്നു‌ കരുതിയ മേഖലയാണിത്‌‌. 
വരുന്നൂ, പവർഹൈവേ
പ്രസരണനഷ്ടം ഗണ്യമായി കുറയ്‌ക്കാൻ സംസ്ഥാനത്ത്‌ 10,000 കോടി രൂപ ചെലവിൽ‌ നടപ്പാക്കിയ ട്രാൻസ്ഗ്രിഡ് 2.0 ബൃഹദ്പദ്ധതി  പ്രകാരം ജില്ലയിലെ പ്രധാന 220 കെവി സബ്‌സ്റ്റേഷനായ ഇടമൺ, തെന്മല ഒറ്റക്കല്ലിൽ സ്ഥാപിക്കുന്ന 400 കെവി സ്വിച്ചിങ്‌ സബ്‌സ്റ്റേഷൻ വഴി സംസ്ഥാന പവർഹൈവേയുടെ ഭാഗമാകും. നിലവിലുള്ള കുണ്ടറ 220 കെവി സബ്‌സ്റ്റേഷൻ ജിഐഎസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കും.ശാസ്താംകോട്ടയിലെ 110 കെവി സബ്സ്റ്റേഷൻ 220 കെവി ആയി ഉയർത്തുന്നതോടെ ജില്ലയിലെ വടക്കു-കിഴക്കൻ മേഖലയ്‌ക്ക് ഗുണം ലഭിക്കും.
കൂടൻകുളത്തിന്റെ ഗുണവും 
ജില്ലയിലേക്ക് വൈദ്യുതി എത്തുന്ന പ്രധാന സബ്‌സ്റ്റേഷനായ ഇടമണ്ണിലേക്ക് തിരുനെൽവേലിയിൽനിന്ന്‌ 400 കെവി ലൈൻ സ്ഥാപിച്ചിട്ടുണ്ട്‌. ഇതുവഴി കൂടൻകുളം പദ്ധതിയിൽനിന്ന്‌ കൂടുതൽ ഗുണം ലഭിക്കുന്നത്‌ ജില്ലയ്‌ക്കാണ്. പ്രസരണ നഷ്ടം കുറയുന്നതുകൊണ്ട് മാത്രം പ്രതിവർഷ ലാഭം 50 കോടി രൂപ.
സൗര പദ്ധതി
കൊറോണ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥമായ ഇടപെടലിൽ പത്തനാപുരം, ഇരവിപുരം, കൊട്ടിയം  തുടങ്ങി വിവിധ സ്ഥലങ്ങളിൽ ‘സൗര’ പദ്ധതിക്ക്‌ തുടക്കമായി. 
കോവിഡ്‌ സബ്‌സിഡി
കോവിഡ്‌ കാലത്ത്‌ ഗാർഹിക ഉപയോക്താക്കൾക്ക്‌ സബ്‌സിഡി നൽകി. ആദ്യമായി ഓൺലൈനിൽ ബില്ല്‌ അടച്ചവർക്ക്‌ അഞ്ചു‌ ശതമാനം ഇൻസെന്റീവ്‌ പ്രഖ്യാപിച്ചതും ഉപയോക്താക്കൾക്ക്‌ ഏറെ സഹായകരമായി.
ഇലക്‌ട്രിക്‌ ചാർജിങ്‌ സ്റ്റേഷൻ  
വൈദ്യുതി വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ കൊല്ലം ഓലൈയിൽ സെക്‌ഷനു‌ കീഴിൽ ചാർജിങ്‌ സ്റ്റേഷന്‌ തുടക്കമായി. കരുനാഗപ്പള്ളിയിലും ഉടൻ തുടക്കമാകും. 
‌മൂന്ന് 110 കെവി സബ്‌സ്റ്റേഷൻ  
110 കെവി ആയൂർ, 110 കെവി അഞ്ചൽ സബ്‌സ്റ്റേഷനുകൾ നിലവിൽ വന്നതോടെ കിഴക്കൻ മലയോരമേഖലയിൽ മെച്ചപ്പെട്ട വൈദ്യുതിവിതരണം സാധ്യമായി. ഇതുവഴി അഞ്ചൽ, കുളത്തൂപ്പുഴ, കരുകോൺ, കരവാളൂർ എന്നിവിടങ്ങളിൽ ഏകദേശം എഴുപതിനായിരത്തോളം വീടുകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ  വൈദ്യുതി എത്തി. 30.75 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.
ആയൂരിലെ 66 കെവി സബ്സ്റ്റേഷനിലേക്ക് പഴക്കമുള്ള ലൈൻ വഴിയാണ് വൈദ്യുതി എത്തിയിരുന്നത്. ഈ ലൈനിൽ വൈദ്യുതി തടസ്സപ്പെട്ടാൽ ആയൂരും സമീപപ്രദേശങ്ങളും ഇരുട്ടിലാകും. എന്നാൽ, ചടയമംഗലം, നിലമേൽ, കടയ്ക്കൽ, ഇട്ടിവ, ഇടമുളയ്ക്കൽ, ഓയൂർ, ഇളമാട്, വാളകം, വെളിയം എന്നിവിടങ്ങളിൽ വൈദ്യുതി ഇടതടവില്ലാതെ ലഭിക്കാൻ നിലവിലുണ്ടായിരുന്ന 66 കെവി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് ലൈനാക്കി ഉയർത്തി. കവേർഡ് കണ്ടക്ടർ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ പദ്ധതി പൂർത്തിയാക്കിയത്. 65,000 ഉപഭോക്താക്കൾക്കാണ്‌  പദ്ധതി പ്രയോജനപ്പെടുക. 5.25 കോടി ചെലവിലായിരുന്നു‌ നിർമാണം. ഇതോടൊപ്പം 2017 –-ൽ പൂർത്തിയായ കൊല്ലം 110 കെവി ജിഐഎസ്‌ സബ്‌സ്റ്റേഷൻ നഗരത്തിലെ വൈദ്യുതി വിതരണരംഗത്ത് കൂടുതൽ കാര്യക്ഷമത നൽകി.
കരുനാഗപ്പള്ളിക്ക്‌ വർണപ്രഭ
കരുനാഗപ്പള്ളിയുടെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ശാസ്താംകോട്ട കരുനാഗപ്പള്ളി 66 കെവി ലൈനിന്റെ ശേഷി 110 ആയും കരുനാഗപ്പള്ളി സബ് സ്റ്റേഷൻ 110 കെവി ആയും ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. കാവനാട് സബ്സ്റ്റേഷന്റെ സ്ഥാപിത ശേഷി 25 എംവിഎയിൽനിന്ന്‌ 7.5 കോടി വിനിയോഗിച്ച്‌ 40 എംവിഎ ആയി ഉയർത്തുന്നതും പുരോഗതിയിലാണ്‌. 
ഭൂഗർഭ കേബിൾ
ജനവാസമേഖലയിലൂടെ കടന്നുപോകുന്നതിനാൽ 110 കെവി കാവനാട് സബ്‌സ്റ്റേഷനെയും പെരിനാട് സബ്സ്റ്റേഷനെയും ബന്ധിപ്പിക്കാൻ ഭൂഗർഭ കേബിൾ. 11 കി.മീ. ദൂരത്തിൽ കേബിൾ വലിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനത്തിന്‌  32.5 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. മാവേലിക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിയിലേക്കും ചക്കുവള്ളിയിൽനിന്ന്‌ ശാസ്താംകോട്ടയിലേക്കും കരുനാഗപ്പള്ളിയിലേക്കും  വരുന്ന 66 കെവി ലൈനുകൾ 110 കെവി ആയി ഉയർത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു. 
തേവലക്കര 110 കെവി 
സബ് സ്റ്റേഷൻ  
കുണ്ടറ സബ്‌സ്റ്റേഷനിൽനിന്ന്‌ ശാസ്താംകോട്ടയിലേക്കുള്ള 110 കെവി ലൈനിൽനിന്ന്‌ തേവലക്കര സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാനാണ്‌ ലക്ഷ്യം. പടിഞ്ഞാറെ കല്ലടയിലെ പുതിയ 50 എംഡബ്ല്യൂ സോളാർ പ്ലാന്റിനും ചവറ കെഎഎംഎംഎല്ലിന്റെ  വൈദ്യുതി ആവശ്യകതയ്ക്കും തേവലക്കര സബ്‌സ്റ്റേഷൻ ഉപയോഗപ്പെടും. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇടമൺ സബ്സ്റ്റേഷന്റെ ആധുനികവൽക്കരണം 
ജില്ലയിലെ ഏറെ പഴക്കമുള്ള  ഗ്രിഡ് സബ്‌സ്റ്റേഷനായ ഇടമൺ 220 കെവി സബ്‌സ്റ്റേഷൻ ഓട്ടോമേഷൻ സിസ്റ്റം ഉപയോഗിച്ച് വിദൂരത്തിൽനിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ആധുനിക സബ്‌സ്റ്റേഷനാക്കാനുള്ള പദ്ധതിക്ക്‌ 10 കോടി രൂപ വിനിയോഗിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top