01 June Monday

തികഞ്ഞ ആത്മവിശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

കോന്നി പൊന്തനാം കുഴി മണ്ണിടിച്ചിൽ ഉണ്ടായതിന്റെ ഭാഗമായി കോന്നി ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയവരെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ സന്ദർശിക്കുന്നു

 പത്തനംതിട്ട

ഫലം അറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. രണ്ടു ദശാബ്ദത്തിലധികം യുഡിഎഫ്‌ കൈയടക്കിവച്ചിരുന്ന കോന്നി  എൽഡിഎഫ്‌ തരംഗത്തിൽ ചുവപ്പണിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ പ്രവർത്തകർ.  മണ്ഡലത്തിൽ ഒട്ടാകെ ഉണ്ടായ  എൽഡിഎഫ്‌ ഒഴുക്ക്‌ അതാണ്‌ സൂചിപ്പിക്കുന്നത്‌.  യുഡിഎഫ്‌ കോട്ടകളിലെ പോളിങ്‌ ശതമാനത്തിൽ ഉണ്ടായ കുറവും യുഡിഎഫിന്റെ നില പരുങ്ങലിലാക്കുന്നു. 
യുഡിഎഫ്‌ ശക്തികേന്ദ്രങ്ങളായ പ്രമാടം, കോന്നി, മൈലപ്ര തുടങ്ങിയ പഞ്ചായത്തുകളിൽ വോട്ട്‌ ചെയ്യാത്ത വലിയൊരു വിഭാഗം ഉണ്ട്‌.  പ്രമാടത്ത്‌  8393 പേരും കോന്നിയിൽ 7108 പേരും വോട്ട്‌ ചെയ്‌തിട്ടില്ല. അടൂർ പ്രകാശ്‌ സ്ഥാനാർഥിയായി നിർദേശിച്ച റോബിൻ പീറ്ററിന്‌ ഏറെ സ്വാധീനമുള്ള പഞ്ചായത്തുകളാണ്‌ പ്രമാടവും  കോന്നിയും. ഈ കുറവ്‌  യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌.
യുഡിഎഫ്‌ പ്രചാരണ തന്ത്രങ്ങളിൽ പാളിച്ച  സംഭവിച്ചതായും വിലയിരുത്തലുണ്ട്‌.   സംസ്ഥാന സർക്കാരിന്റെ മൂന്നര വർഷത്തെ വികസന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ഇടതുപക്ഷം അക്കമിട്ട്‌ നിരത്തിയപ്പോൾ ശബരിമലയും സ്ഥാനാർഥി വ്യക്തിഹത്യയും  നുണപ്രചാരണവുമായി മുന്നോട്ട്‌ പോകുകയായിരുന്നു യുഡിഎഫ്‌. ഇത്‌ വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 
ബിജെപിയുടെ വർഗീയ നിലപാടുകളോട്‌ യുഡിഎഫ്‌ സന്ധി ചെയ്യുന്ന കാഴ്‌ചയും  വ്യക്തമായി വോട്ടർമാർ മനസിലാക്കി.  ബിജെപി സർക്കാരിന്റെ നയങ്ങൾക്ക്‌ പിന്തുണ നൽകുകയും അവർ എടുക്കുന്ന ജനവിരുദ്ധ നയങ്ങളിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസ്‌ തങ്ങളുടെ പ്രതീക്ഷകളെ തകർത്തുകളഞ്ഞതായി  പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർ ചിന്തിച്ചിട്ടുണ്ടന്നത്‌ ഉറപ്പ്‌.  അവസരം കിട്ടിയാൽ ബിജെപിയിൽ ചേക്കേറാൻ തയാറെടുത്തു നിൽക്കുന്ന കോൺഗ്രസ്‌ നേതാക്കളുടെ നീണ്ട നിരയും അവസരവാദ നിലപാടുകളും ചർച്ചയായ തെരഞ്ഞെടുപ്പു കൂടിയായിരുന്നു. 
പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ വോട്ടിൽ  ലക്ഷ്യം വച്ചിറങ്ങിയ ബിജെപിക്കും കണക്കുകൂട്ടൽ തെറ്റുകയാണ്‌. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ഉരുണ്ടു കളി വ്യക്തമായതോടെ വിശ്വാസികൾ കൈയൊഴിഞ്ഞു.. ബിജെപിയിലെ ഗ്രൂപ്പുകളിയും നേതാക്കളുടെ താൽപ്പര്യകുറവും എൻഡിഎ  മുന്നണിയെ ദയനീയാവസ്ഥയിൽ എത്തിക്കുമെന്നുറപ്പ്‌. 
എൽഡിഎഫ്‌ കേന്ദ്രങ്ങളിലെ വോട്ടിങ്‌ ശതമാനം ഇടതുപക്ഷത്തിന്‌  പ്രതീക്ഷ നൽകുന്നതാണ്‌. എൽഡിഎഫ്‌ സ്ഥാനാർഥി ജനീഷ്‌ കുമാറിന്റെ നാടായ സീതത്തോട്ടിലും ഇടത്‌ ശക്തികേന്ദ്രങ്ങളായ ചിറ്റാർ, മലയാലപ്പുഴ, ഏനാദിമംഗലം എന്നിവിടങ്ങളിലും പ്രകടമായ എൽഡിഎഫ്‌ മുന്നേറ്റവും വിജയപ്രതീക്ഷ നൽകുന്നു. 
 നടക്കില്ലെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ സർക്കാർ ഉപേക്ഷിച്ചു പോയ പദ്ധതികൾ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയാൽ പൂർത്തീകരണത്തിലേക്ക്‌ നീങ്ങുന്നത്‌  ജനങ്ങൾ മനസിലാക്കി. പറയുന്ന കാര്യങ്ങൾ  നടപ്പിലാക്കുന്ന ഒരു സർക്കാരാണ്‌ എൽഡിഎഫ്‌ എന്ന്‌ അവർ അനുഭവിച്ചറിഞ്ഞു. ഇതെല്ലാം എൽഡിഎഫിന്‌ ശക്തമായ പിന്തുണയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌.
 
 
പ്രധാന വാർത്തകൾ
 Top