29 July Thursday

കള്ളാറിൽ കോൺഗ്രസിൽ പൊട്ടിത്തെറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
രാജപുരം
കള്ളാർ പഞ്ചായത്തിൽ കോൺഗ്രസ്‌ അഭ്യന്തരക്കുഴപ്പം പൊട്ടിത്തെറിയിലേക്ക്‌. പ്രവാസി സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ചാമക്കലയിൽ ഉൾപ്പടെ അഞ്ച് പേർ  രാജിവെച്ചതിന്‌ പിന്നാലെ കൂടുതൽ പേർ പാർടി വിടാനൊരുങ്ങുന്നു. 
കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ, ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന തട്ടകത്തിലെ തമ്മിലടി, പാർടിക്ക്‌ വലിയ നാണക്കേടുണ്ടാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ കാലത്തുണ്ടായ തർക്കവും ഗ്രൂപ്പുകളിയും മൂലം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെയുള്ളവർ രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിച്ചിരുന്നു. ഇടക്കാലത്ത്‌  കോൺഗ്രസിലെ തർക്കങ്ങൾക്ക്‌ ശമനമുണ്ടായെങ്കിലും അതാണിപ്പോൾ പൊട്ടിത്തെറിയിലേക്ക്‌ എത്തിയത്‌.
 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിമതശല്യമായിരുന്നു തുടക്കം. ജില്ലാ നേതൃത്വം ഇടപ്പെട്ട്  വിമതരെ പിൻവലിപ്പിച്ചെങ്കിലും ഒരു വിഭാഗം  മണ്ഡലം കമ്മിറ്റിയുമായുള്ള ഉരസൽ തുടർന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി ഡിസിസി നിർദേശിച്ച എം കെ മാധവനെ രണ്ടാം വാർഡിൽ  തോൽപ്പിച്ചതോടെ പ്രശ്‌നം രൂക്ഷമായി. മണ്ഡലം കമ്മിറ്റിക്കാരുടെ ഇഷ്ടക്കാരനെ പ്രസിഡന്റാക്കിയത്‌ പിന്നെയും പ്രശ്‌നം വഷളാക്കി.  ജാതി സമവാക്യം നോക്കി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തീരുമാനിച്ചതും ഒരുവിഭാഗത്തെ ചൊടിപ്പിച്ചു.   
പഞ്ചായത്തിലോ പാർടിയിലോ ആലോചിക്കാതെ പ്രസിഡന്റ്‌  ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നാണ്‌ ഒരുവിഭാഗം പറയുന്നത്‌. ഇനിയും അവഗണന തുടർന്നാൽ മെമ്പർ സ്ഥാനം രാജിവക്കാനും മടിക്കില്ലെന്ന്‌ ഒരു വനിത അംഗം നേതൃത്വത്തെ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റിബലായി പത്രിക നൽകിയ ആളെ  മണ്ഡലം പ്രസിഡന്റായി നിശ്ചയിച്ചതും അണികളിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top