28 May Thursday
ഡിവൈഎഫ്‌ഐ ഹൃദയപൂർവം പദ്ധതിക്ക്‌ രണ്ടാണ്ട്‌

വയറെരിയില്ല, മിഴി നനയില്ല, കൂടെയുണ്ട്‌ യുവത

സ്വന്തം ലേഖകൻUpdated: Tuesday Mar 24, 2020

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്യുന്നു

കൽപ്പറ്റ
വയറെരിയുന്നവരുടെ മിഴി നനയാതെ കാക്കുന്നതിന്‌ മഹാമാരിയും പ്രളയവും ഒന്നുംതന്നെ യുവതയെ പിന്നോട്ടടിപ്പിച്ചിട്ടില്ല. നിർധനരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കണ്ണീരൊപ്പാനുള്ള യുവതയുടെ കരുതലും ജാഗ്രതയും അനസ്യൂതം തുടരുകതന്നെയാണ്‌. നാടൊന്നാകെ ഏറ്റെടുത്ത ഡിവൈഎഫ്‌ഐയുടെ "വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഹൃദയപൂർവം ’ പദ്ധതിയിലൂടെ നടത്തുന്ന  പൊതിച്ചോർ വിതരണം രണ്ട്‌ വർഷം പിന്നിടുകയാണ്‌.  ജില്ലയിലെ അഞ്ച്‌ ആശുപത്രികളിലായി കഴിഞ്ഞ രണ്ട്‌ വർഷമായി ഡിവൈഎഫ്‌ഐ നാല്‌ ലക്ഷത്തോളം പൊതിച്ചോറാണ്‌ വിതരണം ചെയ്‌തത്‌. കോവിഡ്‌ –-19 പശ്‌ചാത്തലത്തിൽ ബോധവൽക്കരണ പ്രവർത്തനമടക്കം നടത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ്‌  പൊതിച്ചോർ വിതരണം നടത്തുന്നത്‌. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ വീടുകളിൽനിന്നും പൊതിച്ചോർ ശേഖരിച്ച്‌ ആശുപത്രികളിലെത്തിക്കുന്നത്‌. നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പദ്ധതിയുമായി സഹകരിക്കുന്നത്‌. 
   മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക്‌ ആശുപത്രി, പുൽപ്പള്ളി സിഎച്ച്‌സി, ബത്തേരി താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിലാണ്‌ വിതരണം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ്‌ ഭക്ഷണം നൽകുന്നത്‌. ആശുപത്രി അധികൃതർ, രോഗികളുടെ ബന്ധുക്കൾ എന്നിവർ പൊതിച്ചോർ വിതരണത്തിൽ പങ്കാളികളാകുന്നുണ്ട്‌. ഓരോ വീടുകളിലുമായാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌.  വീട്ടമ്മമാരും പൊതുപ്രവർത്തകരുമെല്ലാം ഭക്ഷണം  തയ്യാറാക്കുന്നതിനും എത്തിക്കുന്നതിനും എല്ലാ സഹായവും നൽകുകയാണ്‌. കോവിഡിന്റെ ഭാഗമായി  ആശുപത്രികളിൽ നടത്തുന്ന  ശുചീകരണപ്രവൃത്തികൾക്കിടെയാണ്‌ പൊതിച്ചോർ വിതരണവും നടത്തുന്നുത്‌. 
കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ എല്ലാ നന്മനിറഞ്ഞവരുടേയും സഹായ സഹകരണങ്ങൾ കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്‌. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി തുടരുന്ന പൊതിച്ചോർ വിതരണ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരേയും ജില്ലാ കമ്മിറ്റി  അഭിവാദ്യം ചെയ്‌തു.
പ്രധാന വാർത്തകൾ
 Top