കാസർകോട്
കേന്ദ്ര സർക്കാരിന്റെ കോവിഡ് മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി ബിജെപി സർക്കാർ കേരളത്തിൽ നിന്നുള്ളവരെ കർണാടകയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമാകും. പ്രതിഷേധവും ശക്തമാകുന്നു. കാസർകോട്, കണ്ണൂർ ജില്ലയിൽനിന്ന് ആയിരങ്ങളാണ് നിത്യേന കർണാടകയിൽ പോകുന്നത്. കോവിഡില്ലെന്നതിന് തെളിവായി ആർടിപിസിആർ റിപ്പോർട്ട് ഹാജരാക്കുന്നവരെ മാത്രമേ കർണാടകയിലേക്ക് കടത്തിവിടൂവെന്നാണ് കർണാടക സർക്കാർ തീരുമാനം. തിങ്കളാഴ്ച നിലവിൽവന്ന വിലക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ബുധനാഴ്ച വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടങ്കിൽ മാത്രമേ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്ന് മുന്നറിയിപ്പ് നൽകിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. കാസർകോട് ജില്ലയിലേക്കുള്ള 17 അതിർത്തി റോഡുകളിൽ പ്രവേശനാനുമതി അഞ്ച് ചെക്ക് പോസ്റ്റുകളിലൂടെയാണ്. മറ്റു വഴികൾ ബാരിക്കേഡ് വച്ചും മണ്ണിട്ടും അടച്ചിരിക്കുകയാണ്.
തലപ്പാടി, സുള്ള്യ ജാൽസൂർ, പുത്തൂർ നെട്ടണിഗെ മുഡനൂരു, മേണാല, ബണ്ട്വാൾ സാറടുക്ക എന്നിവിടങ്ങളിലൂടെയാണ് ഇപ്പോൾ പ്രവേശനം. മംഗളൂരു, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിൽ നിത്യേന പോയിവരുന്ന തൊഴിലാളികളും വ്യാപാരികളും ജീവനക്കാരും വിദ്യാർഥികളുമായ ആയിരങ്ങളുടെ വഴിമുട്ടി. ആംബുലൻസിൽ രോഗികളെ കടത്തിവിടുമെങ്കിലും മറ്റ് വാഹനങ്ങളിൽ പോകുന്നവരെ കടത്തിവിടില്ല. നിത്യേന പോകുന്നവർ 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് ഹാജരാക്കണം. അല്ലാത്തവർക്ക് 72 മണിക്കൂർ കൊണ്ടെടുത്ത റിപ്പോർട്ട് വേണം. ആർടിപിസിആർ പരിശോധനയുടെ ഫലം ലഭിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കും. പരിശോധനക്കെത്തുന്നവരുടെ എണ്ണം കൂടിയാൽ ഇതിലും വൈകും. നിത്യേന പോകുന്നവർക്ക് ഇത് കുരുക്കാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..