19 June Wednesday
വിമാനത്താവള സ്വകാര്യവൽക്കരണം

ജനകീയ പ്രക്ഷോഭത്തിനെതിരെയുള്ള കുപ്രചാരണം തള്ളണം: ആനാവൂര്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019
തിരുവനന്തപുരം
അന്തർദേശീയ വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൽഡിഎഫ്  നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷേ‌ാഭത്തിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന‌്  സിപിഐ എം ജില്ലാ  സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ‌്താവനയിൽ അഭ്യർഥിച്ചു. 
 
സമരത്തെ വികൃതമായി ചിത്രീകരിക്കാൻ മനോരമ പാടുപെടുന്നതിന്റെ ഭാഗമായാണ‌് സമരം വൈകിയെന്ന പ്രചാരണം. വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച ഘട്ടംമുതൽ അതിനെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി സമരരംഗത്താണ‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.  ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി വിമാനത്താവളത്തിനകത്തും ഓട്ടോ–- ടാക‌്സി ജീവനക്കാർ പുറത്തും നിരന്തരം പ്രക്ഷേ‌ാഭത്തിലുമാണ‌്. 
 
സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം മൊത്തമായി കച്ചവടം ചെയ്യാൻ കേന്ദ്ര സർക്കാരും  ഇതിന്റെ കുഴലൂത്തുകാരായി മാറിയ കോൺഗ്രസിന്റെയും ശശി തരൂർ എംപിയുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ‌് ജനകീയസമരത്തെ പരിഹസിക്കാൻ മനോരമ പുറപ്പെട്ടിട്ടുള്ളത‌്. ജനങ്ങൾക്ക് തൊഴിലും സമ്പത്തും നൽകുന്ന നിക്ഷേപകരെ എൽഡിഎഫ് സർക്കാർ എന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ. എന്നാൽ, നാടിന്റെ സമ്പത്ത‌് ചുളുവിലയ്ക്ക് കൈക്കലാക്കി കൊള്ളലാഭത്തിന‌് ശ്രമിക്കുന്ന കുത്തകകളെ ന്യായീകരിക്കാൻ എൽഡിഎഫ് തയ്യാറല്ല.  
 
വിമാനത്താവളം ഏറ്റെടുക്കാമെന്ന‌് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടും അത‌് തള്ളി അഴിമതിക്ക‌് കളമൊരുക്കി വിൽക്കാനാണ‌് കേന്ദ്ര സർക്കാർ തീരുമാനിച്ചത‌്. ഇതിന‌് സ്ഥലം എംപി  ശശി തരൂരിന്റെയും കോൺഗ്രസിന്റെയും ഒത്താശയുണ്ട‌്. വിൽപ്പനയ്ക്കെതിരെ എൽഡിഎഫ‌് സമരം കൂടുതൽ ശക്തമാക്കും. തിങ്കളാഴ‌്ച ജില്ലയിൽ വഞ്ചനാദിനമായി ആചരിക്കും. 28ന് വിമാനത്താവളത്തിലേക്ക്  ബഹുജന മാർച്ചും നടത്തും. വഞ്ചനാദിനത്തിലും  മാർച്ചിലും  എല്ലാ ജനങ്ങളും പങ്കെടുക്കണമെന്നും ആനാവൂർ നാഗപ്പൻ അഭ്യർഥിച്ചു.

 

പ്രധാന വാർത്തകൾ
 Top