30 November Monday

നമ്മുടെ സ്ഥാനാർഥി, നാടിന്റെ സ്വന്തം പത്രക്കാരൻ

നിഖിൽ കരകുളംUpdated: Monday Nov 23, 2020

ചാന്നാൻവിള മോഹനൻ പത്രവിതരണത്തിൽ

പേരൂർക്കട
പത്രാസുകാരനല്ല, ഈ സ്ഥാനാർഥി. മറിച്ച്‌ നാടിന്റെ ‘സ്വന്തം പത്രക്കാരനാണ്‌’. കുറവൻകോണം വാർഡിൽ എൽഡിഎഫിനായി മത്സരിക്കുന്ന ചാന്നാൻവിള മോഹനൻ പ്രചാരണത്തിരക്കിനിടയിലും പതിവ്‌ തെറ്റാതെ അതിരാവിലെ പത്രവുമായി ഒാരോവീട്ടിലും ഹാജരുണ്ട്‌. രാവിലെ പത്രമിട്ടശേഷമാണ്‌ ഈ അറുപത്തിനാലുകാരൻ പ്രചാരണത്തിന്‌ ഇറങ്ങുക. വാർഡിലെ വോട്ടർമാർക്ക്‌ പ്രത്യേക പരിചയപ്പെടുത്തലൊന്നും ആവശ്യമില്ല. കഴിഞ്ഞ 36 വർഷമായി പത്രക്കെട്ടുമായി അവർ മോഹനനെ കാണുന്നു.  ഇത്തവണ ‘‘സ്ഥാനാർഥിയാണ്‌ വോട്ട്‌ തരണമെന്ന്‌ പറഞ്ഞ്‌ തുടങ്ങുമ്പോഴേക്കും ചൂടുള്ള വാർത്തപോലെ ‘‘അത്‌ പ്രത്യേകം പറയാനുണ്ടോ’’ എന്ന്‌ ലഭിക്കുന്ന മറുപടിയിലുണ്ട്‌ നാടുമായുള്ള ഇഴയടുപ്പം.
രാവിലെ 3.30ന് അമ്പലമുക്ക് ജങ്‌ഷനിൽ നിന്നാണ്‌ തുടക്കം. ഇവിടെവച്ച്‌ പത്രം വേർതിരിച്ച് അടുക്കി കെട്ടി കൂടെയുള്ള മറ്റുവിതരണക്കാർക്ക്‌ നൽകും. പിന്നെ തനിക്കുള്ള പത്രവുമെടുത്ത് വിതരണം ആരംഭിക്കും. രാവിലെ ഏഴോടെ ഇതവസാനിക്കും. ദേശാഭിമാനിയുടെ ഏജന്റായാണ്‌ തുടക്കം. ആദ്യകാലത്ത് പത്രം കൊച്ചിയിൽനിന്ന് കെഎസ്ആർടിസി ബസിൽ തമ്പാനൂർ ബസ്‌സ്‌റ്റാൻഡിലാണ്‌ എത്തിയിരുന്നത്‌. പുലർച്ചെ കുറവൻകോണത്തുനിന്ന്  ബിഎസ്എ സൈക്കിളിൽ തമ്പാനൂരിൽ പോയി പത്രം ശേഖരിക്കും. 
കാലം മാറിയതോടെ വിതരണത്തിന്റെ സ്‌റ്റൈലും മാറി. ഇരുചക്രവാഹനത്തിലാണ് യാത്ര. എന്നാൽ, മോഹനന്റെ പെരുമാറ്റത്തിനും സ്വഭാവത്തിനും മാറ്റമില്ലെന്ന്‌ നാട്ടുകാർ. സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമാണ്‌. ഭാര്യയും രണ്ട്‌ മക്കളുമാണ്‌ കുടുംബം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top