13 November Wednesday
മാരായമുട്ടം സഹ.ബാങ്ക്‌ അഴിമതി

പ്രസിഡന്റിന്‌ കാർഷിക വായ്പ 48 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019
നെയ്യാറ്റിൻകര 
മാരായമുട്ടം സർവീസ് സഹകരണ ബാങ്കിൽ 30 കോടി രൂപയുടെ അഴിമതി നടത്തിയതിന്‌ പുറത്താക്കിയ ഭരണസമിതിയുടെ  പ്രസിഡന്റ്‌ എം എസ്‌ അനിലിന്റെ  പുതിയ തട്ടിപ്പും പുറത്തായി. ഭാര്യയുടെ പേരിലുള്ള 60 സെന്റ്‌ വസ്തു ഈടായി നൽകി പല പേരുകളിൽ തവണകളായി  48 ലക്ഷം രൂപ കാർഷികവായ്പയായി സ്വന്തമാക്കിയെന്നാണ്‌ ആരോപണം. കൂടാതെ മകന്റെ പേരിലുള്ള വസ്തു ഈടാക്കി  15 ലക്ഷവും കാർഷികവായ്പയായി ഒപ്പിച്ചെടുത്തിരുന്നു. ഒരാളിന്റെ പേരിലുളള വസ്തുവിൽ പരമാവധി മൂന്നു ലക്ഷംമാത്രമേ കാർഷികവായ്പയായി നൽകാനാകൂ എന്നിരിക്കെയാണ്‌ അധികാരം ദുർവിനിയോഗംചെയ്‌ത്‌ പ്രസിഡന്റിന്റെ അഴിമതി. ഇതേ വസ്തുവിന്റെ ഈടിന്മേൽ ലക്ഷങ്ങളുടെ ചിട്ടിയും പല പേരുകളിൽ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കർഷകന്  കുറഞ്ഞ പലിശയ്ക്ക് നൽകേണ്ട തുകയാണ് പ്രസിഡന്റ്‌ കുടുംബാം​ഗങ്ങൾക്ക് പല പേരുകളിൽ വീതിച്ച് നൽകിയത്. 
 
ഇതിനെല്ലാമുപരി ജില്ലാബാങ്കും സഹകരണവകുപ്പുമറിയാതെ നബാർഡിൽനിന്ന് മുട്ടക്കോഴി, പശുവളർത്തൽ തുടങ്ങിയ യൂണിറ്റുകൾക്കായി നാലര കോടിയുടെ വായ്പയൊപ്പിച്ചിട്ടുണ്ട്. നബാർഡിൽനിന്ന് ലഭിച്ച തുകയിന്മേൽ കിട്ടേണ്ട സബ്സിഡിയും ​ഗ്രാന്റും സംബന്ധിച്ച ഒരു രേഖയും ബാങ്കിലുമില്ല. മുട്ടക്കോഴി, പശുവളർത്തൽ യൂണിറ്റുകളൊന്നും നാളിതുവരെ പ്രവർത്തിച്ചിട്ടുമില്ല. ഇവ സഹകരണവകുപ്പ് കണ്ടെത്തിയ അഴിമതികളിൽ ചിലതുമാത്രമാണ്. ഇതിന്മേൽ സമ​ഗ്രമായ അന്വേഷണം വേണമെന്നുള്ളതാണ് നാട്ടിലുയർന്നുവന്നിട്ടുള്ള ആവശ്യം.
പ്രധാന വാർത്തകൾ
 Top