20 November Wednesday

പങ്കജവല്ലിക്ക്‌ വീട്‌ നിർമിച്ചു നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

വീട്‌ തകർന്ന പഴയചന്ത പൊയ്കവിളവീട്ടിൽ പങ്കജവല്ലിയെയും കുടുംബത്തെയും ബി സത്യൻ എംഎൽഎ സന്ദർശിക്കുന്നു

കിളിമാനൂർ
മഴയിൽ വീട് തകർന്ന നിർധനകുടുംബത്തിന് ആശ്വാസം പകർന്ന്‌ ബി സത്യൻ എംഎൽഎ. ഞായറാഴ്ച പെയ്ത മഴയിൽ വീട് തകർന്ന കിളിമാനൂർ പഴയചന്ത പൊയ്കവിളവീട്ടിൽ പങ്കജവല്ലി, കണ്ണങ്കരകോണം കോളനിയിലെ മണിച്ചി എന്നിവരെയാണ്‌ എംഎൽഎയും പഞ്ചായത്ത് അധികൃതരും കണ്ടത്. പങ്കജവല്ലിയുടെ ഭർത്താവ് ചന്ദ്രശേഖരൻ കിടപ്പുരോ​ഗിയാണ്. ഇവർക്കൊപ്പം  മകളും പേരക്കുട്ടിയും താമസിക്കുന്നുണ്ട്‌. ടാർപോളിൻ കെട്ടിയ കൂരയിലാണ്‌ നിലവിൽ ഇവർ കഴിയുന്നത്. തൊഴിലുറപ്പ് കൂലിയല്ലാതെ മറ്റൊരുവരുമാന മാർ​ഗവും കുടുംബത്തിനില്ല. ഇവരുടെ ജീവിതാവസ്ഥയും ദയനീയാവസ്ഥയും സർക്കാരിനെ ബോധ്യപ്പെടുത്തും. വിഷയം കലക്ടറുമായി എംഎൽഎ സംസാരിച്ചിട്ടുണ്ട്‌. പ്രത്യേക പരി​ഗണന നൽകി വീട് നിർമിക്കാൻ അടിയന്തരമായി ഇടപെടുമെന്ന് കലക്ടർ അറിയിച്ചതായി ബി സത്യൻ എംഎൽഎ അറിയിച്ചു. ഇതിനാവശ്യമായി പഞ്ചായത്ത് ശുപാർശ അടിയന്തരമായി കലക്ടർക്കും സർക്കാരിനും ലഭ്യമാക്കാൻ  ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മിയമ്മാളിനോട് എംഎൽഎ നിർദേശിച്ചിട്ടുണ്ട്‌. കണ്ണങ്കരകോളനിയിലെ മണിച്ചിക്കും സഹായമെത്തിക്കാനുള്ള ഇടപെടൽ നടത്തും. വില്ലേജ് ഓഫീസർവഴി സർക്കാരിൽനിന്ന്‌ നഷ്ടപരിഹാരം പരമാവധി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top