07 December Wednesday

അതിവേഗം ഉയരുന്നു 
മാളിയേക്കലിൽ മേൽപ്പാലം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കരുനാഗപ്പള്ളി
കരുനാഗപ്പള്ളി-–- ശാസ്താംകോട്ട പാതയിൽ മാളിയേക്കൽ ലെവൽ ക്രോസിൽ  മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പാലത്തിന്റെ നാലു സ്ലാബിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ലെവൽ ക്രോസിനു കിഴക്കുഭാഗത്തെ കോൺക്രീറ്റ്‌ ജോലികളും പൂർത്തിയാകുകയാണ്.
സംസ്ഥാനത്ത് സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിൽ നിർമിക്കുന്ന ആദ്യ മേൽപ്പാലങ്ങളിൽ ഒന്നാണിത്. അതിവേഗമാണ് പാലത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നത്.  സ്റ്റീലിൽ നിർമിച്ച തൂണുകൾക്കു മുകളിൽ കഴിഞ്ഞ ജൂൺ അവസാനമാണ് സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങിയത്. ഓരോ തൂണിലും നാലുവീതം ഗർഡറാണ് ഉള്ളത്.  ആഴ്ചകൾക്കുള്ളിൽതന്നെ ഇത്തരത്തിലുള്ള 40 ഗർഡർ സ്ഥാപിച്ചിരുന്നു.  ഈ ഗർഡറുകൾക്കു മുകളിലാണ് സ്ലാബുകൾ നിർമിക്കുന്നത്.  ലെവൽക്രോസിനു പടിഞ്ഞാറുഭാഗത്തെ നാലു സ്ലാബിന്റെ കോൺക്രീറ്റ് ജോലികളാണ് പൂർത്തിയായത്. ഈ സ്ലാബുകൾക്കു മുകളിലുള്ള റോഡിന്റെ നിർമാണമാണ് ഇനി നടക്കുക. റോഡിന്റെ ഇരുവശവും കൈവരിയും നിർമിക്കും.
ഇതേരീതിയിൽ പാലത്തിന്റെ കിഴക്കുഭാഗത്തും സ്ലാബുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഇവിടെയും നിർമാണം പൂർത്തിയാകും.  പാലത്തിന്റെ രണ്ടറ്റത്തും കോൺക്രീറ്റ് ഭിത്തികളും നിർമിച്ചു. ലെവൽക്രോസിനോടു ചേർന്നുള്ള ഭാഗത്തെ നിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നു. ഇവിടെ റെയിൽവേ പാളത്തിനു കുറുകെയുള്ള ഗർഡറുകളും ബീമുകളും മറ്റും റെയിൽവേ  എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും നിർമിക്കുക.
പൈലും പൈൽക്യാപ്പും കഴിഞ്ഞാൽ പാലത്തിന്റെ മുകൾഭാഗത്തെ സ്ലാബുകൾ മാത്രമാണ് കോൺക്രീറ്റിൽ നിർമിക്കുന്നത്. തൂണുകളും ഗർഡറുകളുമെല്ലാം പൂർണമായും സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റീലിലുള്ള ഭാഗങ്ങൾ നിർമാണം ഏറ്റെടുത്ത കമ്പനിയുടെ തമിഴ്‌നാട്ടിലെ യാർഡിൽ നിർമിച്ച് ഇവിടെ എത്തിച്ച് ഉറപ്പിക്കുകയായിരുന്നു.  
2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.  റിറ്റ്‌സ് എന്ന കമ്പനിയെയാണ് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി കിഫ്ബി വഴി ചുമതലപ്പെടുത്തിയിട്ടുള്ളത്.  33.04 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top