18 November Monday
ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം നൽകാൻ ചെസ്‌ മത്സരം

അൻപോടെ അനുപം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

റാപ്പിഡ്‌ ചെസ്‌ ടൂർണമെന്റ്‌ ഉദ്‌ഘാടനം ചെയ്യാൻ കാർമൽ സ്കൂളിലെത്തിയ മന്ത്രി ഇ പി ജയരാജൻ ചെസ്‌ താരം അനുപം എം ശ്രീകുമാറുമായി സൗഹൃദ മത്സരത്തിൽ

തിരുവനന്തപുരം

ചിന്തിപ്പിച്ചും ചിരിപ്പിച്ചും അനുപം കൂട്ടുകാർക്കിടയിലൂടെ നടന്നു. ഓരോ നീക്കത്തിലും ജയിക്കാനുള്ള കൂർമബുദ്ധിയിൽ അവൾ കരുക്കൾ നീക്കി.  ഏഴാംക്ലാസ്‌ വിദ്യാർഥിനിയായ അനുപം എം ശ്രീകുമാർ പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാകാൻ കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റാപ്പിഡ് ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഒരേസമയം 33 വിദ്യാർഥികളുമായാണ്‌ ഒറ്റയ്ക്ക് മത്സരിച്ചത്‌. മത്സരത്തിൽ രജിസേ്‌ട്രഷൻ ഫീസായി ലഭിച്ച ഏഴായിരം രൂപയും താൻ മറ്റ്‌ മത്സരങ്ങളിൽനിന്ന്‌ നേടിയ സമ്മാനത്തുകയും ഉൾപ്പെടെ 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും. ചരിത്രത്തിലാദ്യമായി കോമൺ വെൽത്ത് ചെസ്‌ ചാമ്പ്യൻഷിപ്‌ സ്വർണം നേടി കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയതാണ്‌ അനുപം.  തന്റെ നാട്‌ ഒരാപത്തിൽ പെട്ടിരിക്കുമ്പോൾ പിൻതിരിഞ്ഞു നിൽക്കാനായില്ല. കൈയിലെ സമ്പാദ്യംമാത്രം മതിയാകില്ലെന്ന്‌ തോന്നിയപ്പോൾ തന്റെ ബുദ്ധിയിൽ തോന്നിയ കുഞ്ഞാശയം സ്‌കൂൾ അധികൃതരുമായി പങ്കുവച്ചു. അനുപമുമായി ചെസ്‌ മത്സരം. രജിസ്‌ട്രേഷൻ തുക ദുരിതാശ്വാസനിധിയിലേക്ക്‌. രജിസ്റ്റർ ചെയ്‌ത എല്ലാവരെയും താൻ ഒറ്റയ്‌ക്ക്‌ ഒരേസമയം നേരിടുമെന്ന്‌ അനുപമും തീരുമാനിച്ചു. വ്യാഴാഴ്‌ച നടന്ന റാപ്പിഡ്‌ ചെസ്‌ മത്സരം കായികമന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. അനുപമുമായി ഒരു റൗണ്ട്‌ ചെസ്‌ മത്സരവും കളിച്ചു അദ്ദേഹം. മുൻ ഏഷ്യൻ റണ്ണർ അപ്പും നാഷണൽ ചാമ്പ്യനുമാണ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ അനുപം. 2015ലും 2017ലും അണ്ടർ സെവൻ, അണ്ടർ 9 വിഭാഗങ്ങളിൽ നാഷണൽ സ്‌കൂൾചാമ്പ്യൻ. 2017ൽതന്നെ നാഷണൽ ചാമ്പ്യൻ. തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചെസ്‌ ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ രണ്ടാം സ്ഥാനം. അണ്ടർ 10 വിഭാഗത്തിൽ കോമൺവെൽത്ത് സ്വർണവും നേടിയിട്ടുണ്ട്‌. വിദ്യാഭ്യാസവകുപ്പിലെ ജൂനിയർ സൂപ്രണ്ടായ ശ്രീകുമാറിന്റെയും സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ മാഹിം നീലയുടെയും ഏക മകളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top