25 August Sunday

മൂന്നാംദിനം പ്രദര്‍ശനത്തിന് 54 ചിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

തിരുവനന്തപുരം

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഞായറാഴ‌്ച ‘ദി ഡിസ്പൊസെസ്ഡ്', ‘വിശ്വാസത്തിന്റെ മതിലുകൾ' എന്നിവ ഉൾപ്പെടെ 54 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. കാർഷികമേഖലയിലെ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളാണ് മാത്യു റോയിയുടെ സ്വിസ് കനേഡിയൻ ചിത്രം‘ദി ഡിസ്പൊസെസ്ഡിന്റെ' പ്രമേയം. വ്യവസായവൽക്കരണം ആഗോളതലത്തിൽ കർഷക സമൂഹത്തിലുണ്ടാക്കിയ ആഘാതങ്ങളുടെ നേർക്കാഴ‌്ചയാണ്  ചിത്രം. സ്പെഷ്യൽ സ്‌ക്രീനിങ‌് വിഭാഗത്തിൽ രാവിലെ 9.30ന് ശ്രീ തിയറ്ററിലാണ‌് പ്രദർശനം.
 
ചിദംബരം പളനിയപ്പന്റെ ‘വിശ്വാസത്തിന്റെ മതിലുകൾ' ആണ് മേളയിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ മറ്റൊരു ചിത്രം. ചീമേനിയിൽ പ്രവർത്തിക്കുന്ന ദുർഗുണ പരിഹാര പാഠശാലയുടെയും തുറന്ന ജയിലിന്റെയും പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയിലിലെ അന്തേവാസികളാണ‌്. മലയാളം മത്സരേതരവിഭാഗത്തിൽ ഉച്ചയ്ക്ക് 3.15നാണ് ചിത്രത്തിന്റെ പ്രദർശനം.
 
കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിക്ക് ആദരമൊരുക്കി ചിറയിൻകീഴ് രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘ഋതുരാഗം : എ ട്രിബ്യൂട്ട് ടു ശ്രീകുമാരൻതമ്പി'യും മേളയിൽ പ്രദർശിപ്പിക്കും. വൈകിട്ട് ആറിന‌് നിള തിയറ്ററിലാണ‌് പ്രദർശനം.  സി എസ് വെങ്കിടേശ്വരൻ ക്യുറേറ്റ് ചെയ്ത ആർട്ടിസ്റ്റ് സിനിമാ വിഭാഗത്തിൽ 'പാനിക് സിറ്റി', 'ലെറ്റ് ഇറ്റ് ബി', 'പൊളിറ്റിക്കൽ റിയലിസം' എന്നിവ ഉൾപ്പെടെ 13 ചിത്രങ്ങളും  പ്രദർശനത്തിനെത്തും.  മലയാളം മത്സരേതര വിഭാഗത്തിൽ 'കൺസയൻസ് 3 ബ്ലാക്ക്',‘കള്ളസാക്ഷി', ‘മനഃസമാധാനം', 'ഓർമജീവികൾ' തുടങ്ങിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. വൈകിട്ട് ആറിന‌് ശ്രീ തിയറ്ററിലാണ് ചിത്രങ്ങളുടെ പ്രദർശനം.
പ്രധാന വാർത്തകൾ
 Top