മീനങ്ങാടി
പൊരുതുന്ന വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയുടെ ജില്ലാ സമ്മേളനത്തിന് മീനങ്ങാടിയിൽ ആവേശോജ്വല തുടക്കം. ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന റാലിയോടെയും പൊതുസമ്മേളനത്തോടെയുമായിരുന്നു ആരംഭം. മീനങ്ങാടി അമ്പത്തിനാലിൽനിന്നാരംഭിച്ച പ്രകടനം ടൗൺചുറ്റി പൊതുസമ്മേളന നഗരിയായ ധീരജ് രാജേന്ദ്രൻ നഗറിൽ സമാപിച്ചു.
ധീരരക്തസാക്ഷികളുടെ സ്മരണയിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ വി വൈശാഖൻ ഉദ്ഘാടനംചെയ്തു. രക്തസാക്ഷി സ്മരണകളെ ആക്ഷേപിച്ച് തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രക്തസാക്ഷിത്വവും വൃഥാവിലായിട്ടില്ല. സ്വതന്ത്രവും സാർവത്രികവുമായ വിദ്യാഭ്യാസമെന്ന ആശയം കേരളത്തിൽ ഫലപ്രദമായാണ് നടപ്പാക്കുന്നത്. വർത്തമാനകാല ഇന്ത്യയിലെ സംഘപരിവാർ വിരുദ്ധ പ്രതിപക്ഷമാണ് എസ്എഫ്ഐ. മാധ്യമ മുറികളിലല്ല, വിദ്യാർഥികളുടെ മനസ്സിലാണ് എസ്എഫ്ഐയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി സി പ്രണവ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി സാന്ദ്ര നന്ദിയും പറഞ്ഞു.
വിദ്യാർഥി റാലിക്ക് ബാലസംഘം, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, കെഎസ്‌ടിഎ, സിഐടിയു, കെഎസ്‌കെടിയു തുടങ്ങിയ വർഗബഹുജന സംഘടനകൾ അഭിവാദ്യമർപ്പിച്ചു.
ചൊവ്വ രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മീനങ്ങാടി സെന്റ് മേരീസ് ചർച്ച് ഹാൾ) പ്രതിനിധി സമ്മേളനം എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഷിജുഖാൻ ഉദ്ഘാടനംചെയ്യും. 275 പ്രതിനിധികൾ പങ്കെടുക്കും. ബുധനാഴ്ച ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..