02 June Tuesday
മുഖ്യമന്ത്രിക്ക്‌ ആർ രാമചന്ദ്രൻ എംഎൽഎ നിവേദനം നൽകി

കെട്ടിടങ്ങൾക്ക്‌ തകർച്ച; ഭീതിയൊടുങ്ങാതെ നിർമിതി കോളനി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

നിര്‍മിതി കോളനിയിൽ അപകടാവസ്ഥയിലായ വീട്

കരുനാഗപ്പള്ളി
മഴ കനത്തതോടെ ക്ലാപ്പന നിര്‍മിതി കോളനി നിവാസികൾ ഭീതിയിൽ. ഏറെ നാളുകളായി തകർച്ച നേരിട്ടിരുന്ന കെട്ടിടങ്ങൾ മഴയിൽ തകര്‍ന്നുവീണു തുടങ്ങി. 40 കുടുംബങ്ങളാണ്‌ ഇവിടെ താമസിക്കുന്നത്‌. മേല്‍ക്കൂരയിലെ കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുകയാണ്. ഭിത്തിയില്‍നിന്ന് മേല്‍ക്കൂര ഇളകിമാറിയ അവസ്ഥയിലാണ് മിക്കവീടുകളും. സിമന്റ്‌ പാളികൾ അടർന്നുവീണ് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കോവിഡ് ഭീഷണിയിൽ ഇവരെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കാനും കഴിയുന്നില്ല. 
ക്ലാപ്പന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് നിര്‍മിതി കോളനി സ്ഥിതിചെയ്യുന്നത്. 1984 –-85 കാലഘട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കിയ ഫയലില്‍നിന്ന് വയലിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കോളനി സ്ഥാപിച്ചത്. 
അന്ന്‌ കരുനാഗപ്പള്ളിയില്‍ നടന്ന സമൂഹവിവാഹത്തില്‍ മിശ്രവിവാഹിതരായ 18 പേര്‍ക്കാണ് ഇവിടെ വീട് നിര്‍മിച്ചുനല്‍കിയത്. പിന്നീട് പലപ്പോഴായി അശരണരായ കുടുംബങ്ങള്‍ക്കും വീട്‌ നൽകി. 
ഒരുമുറിയും അടുക്കളയും മാത്രമുള്ള ഇടുങ്ങിയ വീടുകളാണിവ. കൊച്ചുകുട്ടികള്‍ മുതല്‍ കിടപ്പിലായ വയോധികര്‍വരെ ഈ വീടുകളിലുണ്ട്. എല്ലാവരും കൂലിപ്പണിക്കാരായ സാധാരണക്കാരാണ്. വീടുകള്‍ പുതുക്കിനിര്‍മിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്നുവീണ വീടുകള്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ സന്ദര്‍ശിച്ചു. പ്രത്യേക സ്കീമിൽ നിർമിച്ച കോളനി ആയതിനാൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top