30 November Monday
അഖിലേന്ത്യാ പ്രക്ഷോഭം

കേന്ദ്രത്തിന്‌ താക്കീതായി ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തൃശൂർ

കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌‌ വർക്കേഴ്സിന്റെ നേതൃത്വത്തിൽ ജീവനക്കാർ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധസമരം നടത്തി. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച നടപടി പിൻവലിക്കുക, കോവിഡ് ദുരന്തത്തിന്റെ മറവിൽ നടത്തുന്ന വ്യാപകമായ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു‌ പ്രതിഷേധം‌.  

തൃശൂർ ഏജീസ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 

തൃശൂർ ഹെഡ് പോസ്‌റ്റോഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ്‌ കെ കെ അശോകനും ഇഎസ്‌ഐ കോർപറേഷൻ ഓഫീസിനു മുന്നിൽ ശശികുമാർ പള്ളിയിലും ഇരിങ്ങാലക്കുട എച്ച്‌പിഒയ്‌ക്കു മുന്നിൽ സുഗതനും തൃശൂർ ആർഎംഎസിനു മുന്നിൽ സൻജിത്ത്, ആദായ നികുതി ഓഫീസിന് മുന്നിൽ കിരൺ, ചാലക്കുടി റെയിൽവേ സ്റ്റേഷനു മുന്നിൽ വിബി, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു മുന്നിൽ സുധീഷ് എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 

അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഇഎഫ്ഐ പ്രതിഷേധ ദിനം ആചരിച്ചു. കൂർക്കഞ്ചേരി കനറ ബാങ്ക് റീജണൽ ഓഫീസ്, കേരള ബാങ്ക് ഹെഡോഫീസ്, ധനലക്ഷ്മി ബാങ്ക് ഹെഡോഫീസ് എന്നിവയ്‌ക്കു മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. ചാലക്കുടി, കുന്നംകുളം, ആമ്പല്ലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി എന്നീ ഏരിയകളിലും പ്രതിഷേധ പ്രകടനം നടത്തി. എല്ലാ കേന്ദ്രങ്ങളിലും 

പ്ലക്കാർഡുകൾ പിടിച്ച് ശാരീരിക അകലം പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂരിൽ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ സംസാരിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി എൽഐസി എംപ്ലോയീസ്‌ യൂണിയൻ എല്ലാ ഓഫീസുകൾക്കു മുന്നിലും  സാമൂഹിക അകലം പാലിച്ച്‌  പ്രതിഷേധ യോഗം ചേർന്നു. എൽഐസി ഡിവിഷണൽ ഓഫീസിനു മുന്നിൽ എൽഐസി എംപ്ലോയീസ്‌ യൂണിയൻ ഡിവിഷണൽ ജനറൽ സെക്രട്ടറി ദീപക്‌ വിശ്വനാഥ്‌ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top