26 February Wednesday

‘ഇളനാടക’ ത്തിന്‌ അരങ്ങുണർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

‘ഇളനാടകം’ കുട്ടികളുടെ സംസ്ഥാനതല നാടകമത്സരം ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സ്‌റ്റേറ്റ്‌ ജവാഹർ ബാലഭവന്റെ സുവർണജൂബിലി ആഘോഷവും ഓപ്പൺ എയർ ഓഡിറ്റോറിയവും “ഇളനാടകം’ കുട്ടികളുടെ സംസ്ഥാനതല നാടകമത്സരവും ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
വെള്ളയമ്പലം ബാലഭവനിൽ നടന്ന ചടങ്ങിൽ ബാലഭവൻ മാനേജിങ്‌ കമ്മിറ്റിയംഗം ജി എസ്‌ പ്രദീപ്‌ അധ്യക്ഷനായി. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ കെ ഗീത, സാംസ്‌കാരികവകുപ്പ്‌ ഡയറക്ടർ ടി ആർ സദാശിവൻനായർ, കെ ത്രിവിക്രമൻ, എസ്‌ മാലിനി എന്നിവർ സംസാരിച്ചു. 
 
ടി ടി രാജേഷ്‌ ചന്ദ്രൻ സംവിധാനം ചെയ്‌ത “ഒരു കൂട്ടം ഉറുമ്പുകൾ’, അനിൽ കാരേറ്റ്‌ സംവിധാനം ചെയ്‌ത “ഓട്ടം’ എന്നി നാടകങ്ങളാണ്‌ ഇളനാടകത്തിന്റെ ആദ്യദിനം അരങ്ങേറിയത്‌. ഇന്ത്യയിലും ലോകത്താകമാനവും നടക്കുന്ന രാഷ്ട്രീയമാറ്റം കഥപറഞ്ഞാണ്‌ ഒരുകൂട്ടം ഉറുമ്പുകൾ കൈയടി നേടിയത്‌. നിറത്തിന്റെയും അതിർവരമ്പുകളുടെയും പേരിലുള്ള കലാപങ്ങൾ പാടില്ലെന്നും ഇതിനെതിരെ ഒരുമിച്ച്‌ നിൽക്കേണ്ടതിനെക്കുറിച്ചും നാടകം പറഞ്ഞു. കുട്ടികൾക്കായി കഥയും മാജിക്കും സംയോജിപ്പിച്ചായിരുന്നു നാടകത്തിന്റെ ദൃശ്യാവിഷ്‌കരണം. ഇളനാടകത്തിന്റെ രണ്ടാംദിനമായ വ്യാഴാഴ്‌ച “കൊസ്രാക്കൊള്ളി’, “കാന്താരിപ്പൊന്ന്‌‘, ‘ലിപ്സ്റ്റിക്‌’ എന്നീ നാടകങ്ങളാണുള്ളത്‌. വെള്ളിയാഴ്‌ചയാണ്‌ സമാപനം. ഏഴ്‌ നാടകങ്ങളാണ്‌ ആകെ മത്സരത്തിനുള്ളത്‌. ഒന്നാം സ്ഥാനക്കാർക്ക്‌ 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക്‌ 15,000, മൂന്നാം സ്ഥാനക്കാർക്ക്‌ 10,000 രൂപയും ലഭിക്കും.
പ്രധാന വാർത്തകൾ
 Top