29 February Saturday
ആലപ്പുഴ നഗരസഭാ ചെയർമാൻ 10 ലക്ഷം കൈക്കൂലി ചോദിച്ചു

ഫോൺസംഭാഷണം പുറത്ത്‌

സ്വന്തം ലേഖകൻUpdated: Thursday Jan 23, 2020

ഇല്ലിയ്‌ക്കൽ കുഞ്ഞുമോൻ

 
ആലപ്പുഴ
ആലപ്പുഴ നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ  അഴിമതിയാരോപണം. കടപ്പുറത്ത് നടക്കുന്ന മറൈൻ എക്‌സ്‌പോ  സംഘാടകരോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ്‌ ആരോപണം. നൈൽ എന്റർടെയ്‌ൻമെന്റ്‌ എംഡി ആർച്ച ഉണ്ണിയാണ് കുഞ്ഞുമോൻ കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ മുൻചെയർമാൻ തോമസ് ജോസഫാണ് അഴിമതി ആരോപണം ഉന്നയിച്ചത്. മറൈൻ എക്‌സ്‌പോയ്‌ക്ക്‌ അനുമതി നൽകിയതിൽ വൻ അഴിമതി നടന്നതായി തോമസ് ജോസഫ് ആരോപിച്ചു. താനറിയാതെയാണ്‌ അനുമതി നൽകിയതെന്ന് മുനിസിപ്പൽ എൻജിനീയർ യോഗത്തെ അറിയിച്ചു. 
 ജനുവരി 23 വരെയായിരുന്നു പ്രദർശനത്തിന്‌ അനുമതി.  പ്രദർശനം നീട്ടാൻ അനുമതി തേടി നടത്തിപ്പുകാർ നഗരസഭയെ വീണ്ടും സമീപിച്ചിരുന്നു. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രദർശനത്തിന് തുടർഅനുമതി നൽകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചു.  ഇതിന്‌ പിന്നാലെയാണ്‌ ശബ്‌ദരേഖ പുറത്തു വന്നത്. ആർച്ച ഉണ്ണി എറണാകുളത്ത് വാർത്താസമ്മേളനം നടത്തി ആരോപണം ആവർത്തിച്ചതോടെ ചെയർമാനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
മറൈൻ എക്‌സ്‌പോ സംഘാടകരിൽനിന്ന്‌  കൈക്കൂലി ആവശ്യപ്പെട്ട   നഗരസഭാ ചെയർമാനെ പുറത്താക്കണമെന്ന്‌ യുഡിഎഫ്‌ വിമത കൗൺസിലർ ബി മെഹബൂബ് ആവശ്യപ്പെട്ടു.
 

രാജിവയ്‌ക്കണം: എൽഡിഎഫ്‌

ആലപ്പുഴ
മറൈൻ എക്‌സ്‌പോ സംഘാടകരിൽനിന്ന്‌ പത്ത്‌ ലക്ഷം രൂപ കൈക്കൂലിവാങ്ങാൻ ശ്രമിച്ച ആലപ്പുഴ നഗരസഭ ചെയർമാൻ രാജിവയ്‌ക്കണമെന്ന് എൽഡിഎഫ്  നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴ കടപ്പുറത്ത്‌ മറൈൻ എക്‌സ്‌പോയ്‌ക്ക്‌ അനുമതി നൽകാൻ നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്‌ദരേഖ ഉൾപ്പെടെ പുറത്തുവന്നു. നാല്‌ വർഷമായി യുഡിഎഫ് നേതൃത്വത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതിയുടെ തുടർച്ചയാണ് ഇത്‌. റിലയൻസ് കേബിൾസ്ഥാപിക്കൽ, ശതാബ്ദി മന്ദിരം നിർമാണം എന്നിവയിലെ അഴിമതി നേരത്തെ പുറത്തുവന്നിരുന്നു. ശുചീകരണ തൊഴിലാളി റാങ്ക് ലിസ്‌റ്റിലെ തിരിമറി, കരാർ ജീവനക്കാരുടെ പുറംവാതിൽ നിയമനം, അനധികൃത നിർമാണം, കരാറുകാർക്കായി വഴിവിട്ട നീക്കങ്ങൾ തുടങ്ങി നിരവധി സംഭവങ്ങളുമുണ്ട്‌. 
 നഗരസഭ അധികൃതർക്കെതിരെ അഞ്ച്‌ വിജിലൻസ് കേസ് നിലവിലുണ്ട്‌. അഴിമതിയും കെടുകാര്യസ്ഥതയും നിലനിൽക്കെയാണ് കുഞ്ഞുമോൻ ചെയർമാനാകുന്നത്‌. ഇതിനുശേഷം 25 കരാർ ജീവനക്കാരെ പുറംവാതിലിലൂടെ നിയമിച്ചു. 
നഗരസഭാധ്യക്ഷനും ചില കരാറുകാരും യുഡിഎഫിലെ ഏതാനും സ്ഥിരം സമിതി അധ്യക്ഷരും ചേർന്നാണ്‌ നഗരസഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌. അഴിമതി തെളിവുസഹിതം പുറത്തുവന്ന സാഹചര്യത്തിൽ കുഞ്ഞുമോൻ രാജിവയ്‌ക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും എൽഡിഎഫ്‌ നേതാക്കൾ  പറഞ്ഞു.
എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ ഡി ലക്ഷ്‌മണൻ, സെക്രട്ടറി വി എൻ വിജയകുമാർ, കൗൺസിലർമാരായ എം ആർ പ്രേം, റമീസത്ത്, കെ ജെ പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ആരോപണം ഗൂഢാലോചനയെന്ന്‌  കുഞ്ഞുമോൻ 

ആലപ്പുഴ
അഴിമതി ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന്‌ നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എക്‌സ്‌പോയ്‌ക്ക്‌ അനുമതി നൽകിയതിൽ  അഴിമതിയുണ്ട്‌. ഉദ്യോഗസ്ഥരാണ് അഴിമതിക്ക്‌ പിന്നിൽ.  ആവശ്യമായ രേഖ ഹാജരാക്കിയാൽ അനുമതി നൽകാനായിരുന്നു തീരുമാനം. എന്നാൽ ഹാജരാക്കിയ രേഖകളെല്ലാം ശരിയായതാണോ എന്ന് സംശയമുണ്ട്.
 മുനിസിപ്പൽ എൻജിനീയർ പ്രദർശനാനുമതി നൽകിയിട്ടില്ല. രേഖകൾ കണ്ടിട്ടില്ലെന്ന് എൻജിനിയർ കൗൺസിൽ യോഗത്തെ അറിയിച്ചിട്ടുണ്ട്‌. ഇതേത്തുടർന്നാണ്‌ വിജിലൻസ് അന്വേഷണത്തിന്‌ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭായോഗം തീരുമാനിച്ചത്‌. പ്രദർശനാനുമതി നീട്ടി നൽകാത്തതുകൊണ്ടാണ്‌ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്‌. ചെയർമാന്റെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് ചോദിക്കാറുണ്ട്. ഇവരോടും സംഭാവന ചോദിച്ചിട്ടുണ്ടെന്നും കുഞ്ഞുമോൻ പറഞ്ഞു.
 യുഡിഎഫ് പാർലമെന്ററി പാർടി തീരുമാനം അനുസരിച്ചാണ് നഗരസഭാ യോഗത്തിൽ എക്‌പോ അനുമതിയിലെ അഴിമതി  ഉന്നയിച്ചത്‌. തുടർന്നാണ് എക്‌സ്‌പോയ്‌ക്ക്‌ പ്രദർശനാനുമതി നിഷേധിച്ചതെന്നും തോമസ് ജോസഫ് പറഞ്ഞു. കൗൺസിലർമാരായ അഡ്വ.എ എ റസാക്ക്, ബിന്ദു തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top