27 September Sunday

ചെറുവത്തൂരിൽ നാളെ അവിയൽ തിളക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
ചെറുവത്തൂർ
സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന ആർദ്രം പദ്ധതി ജനങ്ങളിലേക്ക് പൂർണമായും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ആരോഗ്യ വകുപ്പ് ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ 24ന് രസക്കൂട്ട് കലയുടെ രുചിയുടെ ആരോഗ്യ കൂട്ട് പരിപാടി സംഘടിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പകൽ രണ്ടിന് കയ്യൂർ റോഡിന് സമീപമാണ് പരിപാടി. ആർദ്രം പദ്ധതിയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കുന്നതോടൊപ്പം അത് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാസ്റ്റ് ഫുഡ്, മറ്റു കാരണങ്ങൾ എന്നിവമൂലം ജനങ്ങൾക്കുണ്ടാകുന്ന ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കാൻ നല്ല ഭക്ഷണം ശീലമാക്കുക എന്ന സന്ദേശമുയർത്തിയാണ് വേറിട്ട ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചെറുവത്തൂർ പഞ്ചായത്തിനകത്തെ 17 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടുപേരടങ്ങുന്ന 17 ടീമുകളെ ഉൾപെടുത്തി അവിയൽ പാചക മത്സരമാണ് ഒരുക്കുക. പച്ചക്കറികളുടെ പോഷകഗുണം തിരിച്ചറിഞ്ഞ് അത് ഭക്ഷണത്തിൽ ശീലമാക്കുക എന്ന സന്ദേശമാണ് അവിയൽ തയാറാക്കൽ മത്സരം. പത്തിനത്തിൽ കുറയാത്ത പച്ചക്കറികൾ ഉൾപെടുത്തി  അവിയൽ തയാറാക്കും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ടീമുകൾക്ക് കാഷ് അവാർഡ് നൽകും. പാചകമത്സരം പകൽ രണ്ടിന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഭക്ഷണം പാകം ചെയ്യുന്ന കെ വി കാർത്യായനി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി സമ്മാനം വിതരണം ചെയ്യും. ആരോഗ്യ പ്രവർത്തകരുടെ നാടകം, നൃത്തങ്ങൾ, പാട്ടുകൾ, പൂരക്കളി, ഒപ്പന എന്നിവയും അരങ്ങേറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി. ഡെപ്യൂട്ടി ഡിഎംഒ എ ടി മനോജ്, മെഡിക്കൽ ഓഫീസർ ഡി ജി രമേഷ്, എസ് സയന, സി സുരേശൻ, എം വി ശ്രീമണി, പി വി മഹേഷ്‌കുമാർ, പി കെ ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top