കാഞ്ഞങ്ങാട്
കല്യോട് ശ്രീ ഭഗവതി ക്ഷേത്ര കഴകം പെരുങ്കളിയാട്ട മഹോത്സവം നാടിന്റെ ഉത്സവമായി മാറുന്നു. കളിയാട്ടത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ വയലപ്രം നാരായണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായർ,എ ഗോവിന്ദൻ നായർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ വി കൃഷ്ണൻ, പി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. 23മുതൽ 29വരെയാണ് കളയാട്ടം .
യാദവരുടെ പ്രധാന കഴകങ്ങളിലൊന്നായ കല്യോട്ട് 717 വർഷത്തിനു ശേഷമാണ് കളിയാട്ടം നടക്കുന്നത്. അഞ്ചുലക്ഷത്തിലധികം ആളുകൾ പരിപാടിക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. തിങ്കളാഴ്ച രാവിലെ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും കൊണ്ടു വരുന്നതോടെ കളിയാട്ടത്തിന് തുടക്കമാകും. 25 കിലോമീറ്റർ നടന്നാണ് ദീപവും തിരിയും എത്തിക്കുക. കളിയാട്ടങ്ങളിൽ അപൂർവമായ കൊടിയേറ്റ് നടത്തുന്ന പ്രത്യേകതയും ഇവിടെയുണ്ട്. മുത്തപ്പൻ മടപ്പുരയാണ് കൊടിയേറ്റം നടത്തുന്ന മറ്റൊരു കളിയാട്ടസ്ഥലം. നിലവിലെ ക്ഷേത്രത്തിന് സമാനമായ ക്ഷേത്രം മുളയും പാലമരവുംകൊണ്ട് പ്രത്യേകമായി പണികഴിപ്പിച്ച് അവിടെയാണ് കളിയാട്ടം. പീഠമിട്ട കൊളു എന്നാണ് ഇതിനെ വിളിക്കുക. കല്യോട്ട് ഭഗവതി ക്ഷേത്രത്തിന് 200 മീറ്റർ വടക്കു മാറി ചെറിയ വയലിലാണ് പ്രത്യേക പള്ളിയറ പണിതത്. കളിയാട്ടം കഴിയുന്നതോടെ ഇത് അഗ്നിയിൽ ഹോമിക്കും. ഒരേസമയം 8000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാന നഗരി തികച്ചും ഹരിതമര്യാദ പാലിച്ചാണ് നിർമിച്ചത്. അഖിലേന്ത്യാപ്രദർശനം, സെമിനാർ, കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികളും കളിയാട്ടത്തിന്റെ ഭാഗമായി നടക്കും. 24ന് യുഎഇ കമ്മിറ്റിയുടെ വകയായി അന്നദാനത്തിനുള്ള പ്രത്യേക കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും. 25ന് ദക്ഷിണ കന്നഡയിലുള്ളവരുടെ കലവറ നിറയ്ക്കൽ ഘോഷയാത്രയാണ്.
23ന് രാവിലെ മുതൽ രാത്രി 12 വരെ കാഞ്ഞങ്ങാട്ടുനിന്ന് പെരിയ,കല്യോട്ട്, പാറപ്പള്ളി, ഇരിയ ഭാഗങ്ങളിലേക്ക് ബസ് സൗകര്യമുണ്ട്. 24 മുതലാണ് തെയ്യങ്ങൾ കെട്ടിയാടുക.ഗുരു, രജകൻ, ക്ഷുരകൻ, മരുതോടൻ നായർ,പുള്ളിപ്പൂവൻ, പയ്യച്ചേകവൻ, നാഗകന്നി, നാഗരാജാവ്, കടാങ്കോട്ട്
മാക്കത്തിന്റെ രൂപത്തിലുള്ള ഗുരുമാതാവ്, പൊട്ടൻ തെയ്യം തുടങ്ങി അപൂർവ തെയ്യങ്ങൾ കളിയാട്ടത്തിന്റെ സവിശേഷതയാണ്കല്ല്യോട്ട് ഭഗവതിയുടെ കോലം കെട്ടുന്നതിന് പെരിയകർണമൂർത്തി സുകുമാരൻ പള്ളാഞ്ചിക്കും വൈരജാതൻ ഈശ്വരൻ ദൈവക്കോലമണിയാൻ ഉമേശൻ നേണിക്കത്തിനുമാണ് അവസരം. കല്യോട്ട് ഭഗവതി സമാപന ദിവസമായ 29നാണ് അരങ്ങിലെത്തുക.വിഷ്ണുമൂർത്തിയുടെ കോലധാരി വിജയൻ പെരിയ മീങ്ങുന്നോനാണ്.രണ്ടാം ദിനമായ 24 നും സമാപന ദിവസമായ 29നുമാണ് വിഷ്ണുമൂർത്തിയുടെ വരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..