13 November Wednesday

ജനകീയസമരസമിതി നേതാക്കളെ കോടതി വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ചെറുവള്ളിമുക്കിലെ ജനവാസകേന്ദ്രത്തിൽ തുറന്ന് പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റിനെതിരെ സമരം ചെയ്തതിനെ തുടർന്നുണ്ടായ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടവർ

ആറ്റിങ്ങൽ
ചെറുവള്ളിമുക്കിലെ ബിവറേജസ് ഔട്ട് ലെറ്റ്‌ ഉപരോധിച്ച കേസിൽ ജനകീയ സമരസമിതി നേതാക്കളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. 2017 ൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ആറ്റിങ്ങൽ നഗരത്തിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ ലെറ്റ്‌ ചെറുവള്ളിമുക്കിലേക്ക് മാറ്റുകയായിരുന്നു. ജനകീയ സമരസമിതി മനുഷ്യമതിൽ തീർത്ത്‌ 113 ദിവസം ഉപരോധം നടത്തി. ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നുകാട്ടിയാണ്‌ ചിറയിൻകീഴ് പൊലീസ് കേസെടുത്തത്‌.
 
രാഷ്ട്രീയകക്ഷി ഭേദമില്ലാതെ ജനങ്ങൾ നയിച്ച സമരമായതിനാലാണ് അന്തിമ വിജയം തങ്ങൾക്കനുകൂലമായതെന്ന് സമരസമിതി കൺവീനറും പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനുമായ എ എസ് ശ്രീകണ്ഠൻ പറഞ്ഞു. സമരസമിതി ചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ പ്രസിഡന്റ് എ അൻസാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ജനപ്രതിനിധികളായ ചന്ദ്രശേഖരൻനായർ, ബി എസ് ബിജുകുമാർ, ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മഞ്ജു പ്രദീപ്, പൊതുപ്രവർത്തകരായ ചെറുവള്ളിമുക്ക് ബിജു, ആർ എസ് രാജീവ്, ദഞ്ചു ദാസ് ചെറുവള്ളിമുക്ക്, ജയദേവൻ പിള്ള എന്നിവരെയാണ്‌ കോടതി വെറുതെ വിട്ടത്‌.
 
 
 
 
പ്രധാന വാർത്തകൾ
 Top