21 October Monday

ഇതാ, വികസനത്തിന്റെ കവാടം

സ്വന്തം ലേഖകന്‍Updated: Sunday Sep 22, 2019

പെരുന്പളം പാലത്തിന്റെ രൂപരേഖ

 
അരൂർ
മെട്രോ നഗരമായ കൊച്ചിയുടെ തെക്കൻ കവാടമെന്ന്‌ വിളിപ്പേരുണ്ട്‌ അരൂരിന്‌. അതിനപ്പുറം സമാനതകളില്ലാത്ത വികസനത്തിന്റെ കവാടവുമാണ്‌ അരൂർ. സമീപകാലത്ത്‌, കൃത്യമായി പറഞ്ഞാൽ 2006ന്‌ ശേഷമാണ്‌ അരൂർ വികസന കുതിപ്പിന്‌ സാക്ഷിയാകുന്നത്‌. ആയിരം കോടിയുടെ പദ്ധതികളാണ്‌ 13 വർഷത്തിനിടെ അരൂരിൽ നടപ്പാക്കിയത്‌. 
  സമുദ്രോൽപ്പന്ന കയറ്റുമതിയുടെയും ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രമായ അരൂർ ഒരിറ്റ്‌ കുടിവെള്ളത്തിനായി കേണ ചരിത്രവുമുണ്ട്‌. തലച്ചുമടായി വെള്ളം കൊണ്ടുപോകുന്ന സ്‌ത്രീകൾ, പൈപ്പിൻ ചുവട്ടിലെ അറ്റമില്ലാത്ത വരി.. എല്ലാം ആകാലത്തെ കാഴ്‌ചയായിരുന്നു. 2006ൽ എ എം ആരിഫ്‌ എംഎൽഎ ആയതോടെ ചിത്രം മാറി. എൽഡിഎഫ്‌ സർക്കാരിന്റെ പിന്തുണയോടെ 560 കോടി രൂപയുടെ ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ചു. പൂർണമായി വൈദ്യുതീകരിച്ച മണ്ഡലം, ദേശീയപാത നിലവാരത്തിലുള്ള റോഡുകളുള്ള മണ്ഡലം തുടങ്ങിയ ബഹുമതികൾ ഇന്ന്‌ അരൂരിന്‌ സ്വന്തം.

പെരുമ്പ‌ളം പാലം

കിഫ‌്ബി വഴി എൽഡിഎഫ‌് സർക്കാർ അനുവദിച്ച 96 കോടി രൂപ ചെലവിട്ട‌് നിർമാണം. വേമ്പനാട‌് കായലിന‌് കുറുകെ നിർമിക്കുന്നത‌് കേരളത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ പാലം. അരൂരിന്റെ ചിരകാല സ്വപ‌്നമാണ‌് പാലം. ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർവഹിച്ചു.
നെടുമ്പ്രക്കാട‌്‐വിളക്കുമരം പാലം
മണ്ഡലത്തെ ചേർത്തലയുമായി ബന്ധിപ്പിച്ച‌് ചെങ്ങണ്ടയാറിന‌് കുറുകെയാണ്‌ നെടുമ്പ്രക്കാട‌്‐വിളക്കുമരം പാലം നിർമിക്കുന്നത്‌. 19 കോടി രൂപ ചെലവഴിച്ചാണ‌് നിർമാണം. അരൂർ മണ്ഡലത്തിന്റെ തെക്കൻ മേഖലയുടെയും ചേർത്തല മണ്ഡലത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെയും വികസനവഴിയിൽ നാഴികക്കല്ലാകും. മന്ത്രി ജി സുധാകരൻ കഴിഞ്ഞദിവസം നിർമാണം ഉദ‌്ഘാടനംചെയ‌്തു.

മെഗാ സീഫുഡ്‌ പാർക്ക്‌

സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതിക്കായി പള്ളിപ്പുറത്ത്‌ വ്യവസായ വകുപ്പ്‌ സ്ഥാപിക്കുന്ന മെഗാ സീഫുഡ്‌ പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്‌. 50 കോടി ചെലവിൽ നിർമിക്കുന്ന പാർക്ക്‌ ഡിസംബറിൽ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. 

തുറവൂർ ആശുപത്രി വികസനം

തുറവൂർ സർക്കാർ ആശുപത്രി വികസനത്തിന്‌ കിഫ്‌ബി വഴി 51 കോടിയുടെ പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ബഹുനില ഒപി ബ്ലോക്ക്‌, ട്രോമാ കെയർ യൂണിറ്റ്‌, ദന്തൽ യൂണിറ്റ്‌ എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. ഇതിൽ ഒരു നിലയുടെ ഉദ്‌ഘാടനം കഴിഞ്ഞു. ട്രോമാ കെയർ യൂണിറ്റിന്‌ കല്ലിട്ടു. 
പ്രധാന വാർത്തകൾ
 Top