02 August Monday
കിരൺ പൊലീസ് കസ്റ്റഡിയിൽ

‘സ്‌ത്രീധനപീഡനവും ഭർത്താവിന്റെ മർദനവും വിസ്‌മയയുടെ ജീവനെടുത്തു’

സ്വന്തം ലേഖകൻUpdated: Tuesday Jun 22, 2021

കിരൺകുമാറിന്റെയും വിസ്‌മയയുടെയും വിവാഹചിത്രം

ശൂരനാട് >പോരുവഴി അമ്പലത്തുംഭാഗത്ത്‌ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ വി നായർ (24)മർദനവും സ്ത്രീധനത്തെചൊല്ലി പീഡനവും നേരിട്ടിരുന്നതായി ബന്ധുക്കൾ. മോട്ടോർ വാഹനവകുപ്പിൽ മൊബൈൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ എഎംവിഐയായി ജോലി ചെയ്‌തിരുന്ന കിരൺ മദ്യപിച്ച ശേഷം വിസ്മയയെ ഉപദ്രവിച്ചിരുന്നു.
 
2020 മെയ് 31നായിരുന്നു കിരണുമായുള്ള വിസ്മയുടെ വിവാഹം. 100 പവൻ സ്വർണവും ഒരേക്കർ വസ്തുവും കാറും വിവാഹസമയത്ത്‌ നൽകി. 2019 സെപ്തംബറിൽ വിവാഹം നിശ്ചയിച്ച ശേഷം വിസ്‌മയുടെ വീടുമായി ഏറെ അടുപ്പം കാണിച്ച കിരൺ വിവാഹശേഷം ഭാര്യവീട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല. മൂന്നുമാസം മുമ്പ് വിസ്‌മയയെ വഴക്കിനെ തുടർന്ന്‌  വീട്ടിലാക്കി കിരൺ മടങ്ങിയിരുന്നു. സ്ത്രീധനമായി ലഭിച്ച കാറും തിരികെ നൽകിയാണ്‌ മടങ്ങിയത്‌. പിന്നീട് കുറച്ചുദിവസത്തിനുശേഷം വിസ്മയ താൻ പഠിക്കുന്ന പന്തളത്തെ കോളേജിലേക്ക് കിരണിനെ നിർബന്ധിച്ച് വിളിച്ചുവരുത്തി ഭർതൃവീട്ടിലേക്ക്  വരികയായിരുന്നു. കഴിഞ്ഞ ദിവസം കിരൺ ഏറെ ഉപദ്രവിച്ചതായും മുഖത്ത് ചവിട്ടിയതായും വിസ്മയ ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചു.  മർദനമേറ്റതിന്റെ ഫോട്ടോയും അയച്ചു നൽകി. 
 
കിരണിന്റെ വീടിന്റെ മുകളിലത്തെ മുറിയിലെ കുളിമുറിയുടെ വെന്റിലേഷനിലാണ് വിസ്മയയെ തൂങ്ങിയ നിലയിൽ കണ്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ  കിരൺ  തന്നെയാണ് ഈ വിവരം മറ്റുള്ളവരെ അറിയിച്ചത്. വിസ്മയയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചവർക്കൊപ്പം ഉണ്ടായിരുന്ന കിരൺ മരണം സ്ഥിരീകരിച്ചതോടെ ഒളിവിൽപ്പോയി. കിരൺ മൂന്നുവർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. നാട്ടിൽ അധികം ആരോടും ബന്ധമില്ലായിരുന്നു. മുമ്പ് കോഴിക്കോട് മുക്കം കെഎംസിസി കോളേജിൽ എൻജിനിയറിങ് പഠിച്ചിരുന്ന സമയത്ത് റാഗിങ്‌ കേസിൽ കിരൺ ഉൾപ്പെട്ടിരുന്നു.
 
യുവജന കമീഷൻ 
സ്വമേധയാ കേസെടുത്തു 
കൊല്ലം
പോരുവഴി പഞ്ചായത്തിൽ അമ്പലത്തുംഭാഗത്ത്‌ (ശാസ്താംനട)യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24)യാണ് മരിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ മർദനമേറ്റെന്നു കാട്ടി ഞായറാഴ്‌ച വിസ്മയ ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നു.  പരിക്കേറ്റ ദൃശ്യങ്ങളും കൈമാറിയിരുന്നു. തിങ്കളാഴ്‌ച പുലർച്ചെയാണ് വിസ്മയ തൂങ്ങിമരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ  കൊല്ലം റൂറൽ ജില്ലാ പൊലീസ്‌ മേധാവിയോട്‌ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന്‌ കമീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top