15 December Sunday

മിസ് ഇന്ദിര, സംതിങ് മോര്‍ എബൗട്ട് സ‌്റ്റാലിന്‍..

നന്ദു വിശ്വംഭരൻUpdated: Saturday Jun 22, 2019

പിറന്നാൾ ചടങ്ങിൽ ഗൗരിയമ്മ സംസാരിക്കുന്നു

ആലപ്പുഴ> ‘വിപ്ലവനായികയെന്നൊക്കെ നിങ്ങൾ വിളിച്ചെങ്കിലും ഞാനേ മദ്രാസ് സർവകലാശാലയിലെ ഗോൾഡ് മെഡൽ വിന്നറാണ‌്’. 101–-ാം ജന്മദിനാഘോഷത്തിന് മറുപടി പറയുകയായിരുന്നു കെ ആർ ഗൗരിയമ്മ. ‘അൽപം കൂടുതൽ സംസാരിക്കുന്നതിൽ കുഴപ്പമില്ലല്ലോ. വേദിയിലിരുന്ന മുഖ്യമന്ത്രിയടക്കമുള്ള അതിഥികളോട് സമയം ചോദിച്ച് ഗൗരിയമ്മ തന്റെ പഴയകാലത്തിലേക്ക് അൽപം സഞ്ചരിച്ചു.

സഹോദരനിലൂടെയാണ് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് സെന്റ് തെരേസാസ‌് കോളേജിൽ പഠിക്കുമ്പോൾ ചരിത്രം പഠിപ്പിച്ചിരുന്നത് ഇന്ദിര മിസാണ്. സോവിയറ്റ് യൂണിയനെക്കുറിച്ചും സ‌്റ്റാലിനെക്കുറിച്ചും മിസ് ക്ലാസിൽ അൽപം സൂചിപ്പിച്ചു. അന്ന് ക്ലാസിൽ എഴുന്നേറ്റുനിന്ന് ഞാൻ ചോദിച്ചു, മിസ് ഇന്ദിര, സംതിങ് മോർ എബൗട്ട് സ‌്റ്റാലിൻ...? അതിനുശേഷം ഹോസ‌്റ്റലിൽ സമരത്തിൽ പങ്കെടുത്തതിന് മദർ എന്നെ സസ്‌പെൻഡ് ചെയ‌്തു–-ഗൗരിയമ്മ ഓർത്തു. മികച്ച മാർക്കുമായി ഇന്റർമീഡിയറ്റിന് ചേർന്ന ഞാൻ പക്ഷേ, അവിടെ തോറ്റു. പിന്നീട് ലോ കോളേജിൽ പഠിക്കുമ്പോൾ ജയിച്ചതിന് ഒരുകാരണമുണ്ട്.
 
ചെറുതായി വേദിയിലേക്കൊന്ന് തിരിഞ്ഞ‌്, അതിഥികളെ നോക്കി ചെറുചിരിയോടെ ഗൗരിയമ്മ പറഞ്ഞു, ‘അവിടെ ചെറിയൊരു ലവ് അഫെയറൊക്കെ ഉണ്ടായിരുന്നു', ഇതുകേട്ട് വേദിയും സദസും ഒരുപോലെ പൊട്ടിച്ചിരിച്ചു. ബഹുജനങ്ങളുടെ പിന്തുണ നേടുകയാണ് ഒരു രാഷ‌്ട്രീയനേതാവിന്റെ വിജയം. അക്കാര്യത്തിൽ ഞാൻ 100  ശതമാനം വിജയമൊന്നുമല്ല. അങ്ങനെയാണെങ്കിൽ ഞാൻ ഈ ‘കൊച്ചെറുക്കനില്ലേ’ ആരിഫ്, അവനോട് തോൽക്കില്ലായിരുന്നല്ലോ. അയാൾ ഇപ്പോൾ എംപിയാണ‌്. ഞാനും അയാൾക്ക‌് വോട്ടുചെയ‌്തു. വേദിയിലുണ്ടായിരുന്ന ആരിഫിനെ നോക്കി ഗൗരിയമ്മ പറഞ്ഞു. 
പണ്ട് പിണറായി വിജയനും രാഘവനും ഒരുമിച്ച് നടത്തിയിട്ടുള്ള യാത്രകളും എറണാകുളത്ത് ചിക്കനും മീനും കൂട്ടിയുള്ള ഊണും എല്ലാം അവർ ഓർത്തുപറഞ്ഞു. അന്ന് എനിക്ക് കാറുണ്ടായിരുന്നു, ഇവർക്ക് അന്ന് കാറില്ല', ഗൗരിയമ്മയുടെ വാക്കുകൾ കേട്ട് മുഖ്യമന്ത്രിയും ചിരിച്ചു.
 
പാർടിക്കായി ചെറുപ്പകാലത്ത് കൊൽക്കത്തയ‌്ക്ക‌് ട്രെയിനിൽ പോയതും സ‌്ത്രീകൾക്കായി നിയമം ഉണ്ടാക്കാൻ സഹായിച്ച വത്സലാകുമാരിയെയും തന്റെ സുഹ‌ൃത്തുക്കളായ മേദിനിയെയും മീനാക്ഷിയെയും ഓർമയിലെത്തി. പിന്നീട് എപ്പോഴോ പാർടിയിൽനിന്ന്  പുറത്താക്കി. അന്ന് രാഷ‌്ട്രീയം നിർത്തിയാലോ എന്നുവരെ ആലോചിച്ചു. അങ്ങനെയാണ് ജെഎസ്എസ് തുടങ്ങുന്നത്.
 
എനിക്കും അന്ന‌് അൽപം മൂശേട്ടത്തരമൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞതവണ പിറന്നാൾ ഇനി  ആഘോഷിക്കില്ലെന്ന് താൻ പ്രഖ്യാപിച്ചതാണ‌്. ശ്വാസമുള്ളിടത്തോളം കാലം സ‌്ത്രീയെ അപമാനിക്കുന്നതിനെതിരെ അണിനിരക്കുമെന്ന‌് അവർ പറഞ്ഞു. രാവിലെ പത്തോടെ തൂവെള്ള സാരിയണിഞ്ഞ് ആഘോഷവേദിയായ കളപ്പുരയ‌്ക്കൽ ഓഡിറ്റോറിയത്തിലെത്തിയ ഗൗരിയമ്മ എല്ലാവരുടെയും സ്‌നേഹമേറ്റുവാങ്ങി. തന്നെ പൊന്നാടയണിയിക്കാനെത്തിയ ഒരു പെൺകുട്ടിയെ ഗൗരിയമ്മ പൊന്നാടയണിയിച്ചതും കൗതുകമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top