27 May Wednesday

ഒരുമയുടെ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 പാലക്കാട് 

കോവിഡ്‌–-19 പ്രതിരോധിക്കുന്നതിന്‌ ആഹ്വാനം ചെയ്‌ത ജനതാ കർഫ്യൂ ജില്ലയിൽ പൂർണം. നാടും നഗരവുമെല്ലാം വിജനമായി. തിരക്കുകളും സഞ്ചാരവും വിനോദവുമെല്ലാം മാറ്റിവച്ച്‌ ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ജനങ്ങൾ വീട്ടിലിരുന്നു. പലരും വീട്‌ ശുചീകരണത്തിനായി ഈ സമയം മാറ്റിവച്ചു.  
കോവിഡ്–-----19ന്റെ സമൂഹവ്യാപനം തടയുന്നതിന്‌ ആഹ്വാനം ചെയ്‌ത ജനത കർഫ്യൂവും അതിന്‌ സംസ്ഥാന സർക്കാർ നൽകിയ  പിന്തുണയും ജനങ്ങൾ പൂർണമായും സ്വീകരിച്ചു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെഎസ്‌ആർടിസി, ട്രെയിൻ സർവീസുകൾ എന്നിവ മുഴുവനും റദ്ദാക്കി. സ്വകാര്യബസുകളും ഓടിയില്ല. ആരും ആരെയും തടയുന്ന നിലയിലേക്ക്‌ കർഫ്യൂ എത്തിയില്ല എന്നത്‌ ജനങ്ങളുടെ സഹകരണത്തിന്റെ തെളിവായി. ഹർത്താലുകളിൽ സജീവമാവുന്ന ഗ്രാമപ്രദേശങ്ങളും നിശ്ചലമായിരുന്നു. 
അതിർത്തികളിൽ പൊലീസ് പരിശോധന പതിവ് പോലെ നടന്നു. പ്രധാന ടൗണുകളായ പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട്, ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങൾ വിജനമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പെട്രോൾ പമ്പുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എവിടെയും പ്രവർത്തിച്ചില്ല. 
കർഫ്യൂ അറിയാതെ റെയിൽവേ സ്റ്റേഷനിൽ എത്തിയ അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടന്നു. ഹോട്ടലുകൾ തുറക്കാത്തതിനാൽ ഭക്ഷണം ലഭിക്കാതെ ആളുകൾ വഴിയോരങ്ങളിൽ കിടക്കുന്ന കാഴ്ചയുമുണ്ടായി. വാഹനങ്ങളില്ലാത്തതിനാൽ ജില്ലാ ആശുപത്രിയിൽ തിരക്ക്‌ കുറഞ്ഞു. 
■ വീടുകൾ 
ശുചീകരിച്ചു
കർഫ്യു ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത്‌ ജനങ്ങൾ വീടും പരിസരവും ശുചീകരിച്ചു. 
വൃത്തിഹീനമായി കിടക്കുന്ന ചുറ്റുപാടിനെ അണുവിമുക്തമാക്കാനുള്ള പ്രവർത്തനത്തിൽ പ്രായഭേദമന്യേ എല്ലാവരും പങ്കാളികളായി. ചില വീട്ടുകാർ അകത്തേക്ക്‌ കയറുന്ന ഭാഗത്ത് കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വീട്ടിലേക്ക് വരുന്നവർക്ക്‌ ഇതുസംബന്ധിച്ച് നിർദേശം നൽകുന്നതിന്‌ പോസ്റ്ററുകളും പതിച്ചു. 
■  സഹകരിച്ച് ആരാധനാലയങ്ങൾ
ജനതാ കർഫ്യൂവിനോട് പൂർണമായി സഹകരിച്ച്‌ ആരാധനാലയങ്ങളും. ക്രിസ്ത്യൻ വിഭാഗങ്ങൾ ഞായറാഴ്ച കുർബാനകൾ ഒഴിവാക്കി വീടുകളിൽ പ്രാർഥനയുമായി കൂടി. ക്ഷേത്രങ്ങൾ രാവിലെ ഏഴിനുമുമ്പ്‌ നടയടച്ചു. ക്ഷേത്ര സന്ദർശനവും വിലക്കി. ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രം നടന്നു. നിസ്കാരങ്ങൾ വീടുകളിലേക്ക് മാറ്റി പള്ളികൾ അടച്ചിട്ടു.   
■ ജാഗ്രതയോടെ 
പൊലീസും
ജനങ്ങൾ അനാവശ്യമായി സംഘം ചേരുന്നത് ഒഴിവാക്കാൻ പൊലീസും ജാഗ്രത പുലർത്തി. ഇത് ഹാർത്താലല്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉദ്യമമാണെന്നും പൊലീസ് ഓർമിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിരത്തിലിറങ്ങിയ ഏതാനും  വാഹനങ്ങൾ വീടുകളിലേക്ക് തിരിച്ചുവിട്ടു. 
ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക് അവധിയും നൽകി. പിങ്ക് പൊലീസ്‌ ഉൾപ്പെടെയുള്ളവർ വിവിധ സംഘങ്ങളായി ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും പട്രോളിങ്‌ നടത്തി.
പ്രധാന വാർത്തകൾ
 Top