31 March Tuesday
സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി

ആർഎസ്‌എസുകാർ തഹസിൽദാറെ ആക്രമിച്ചു

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

മരക്കുന്നത്ത്‌ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ആർഎസ്‌എസുകാർ കൈയേറാനെത്തിയപ്പോൾ

കാട്ടാക്കട
ഉത്തരവ്‌ ലംഘിച്ച്‌  സർക്കാർ ഭൂമിയിൽ പ്രവേശിച്ച്‌ പൂജനടത്താനുള്ള ശ്രമം തടഞ്ഞ തഹസിൽദാരെയും പൊലീസുകാരെയും സംഘപരിവാർ ആക്രമിച്ചു. റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും മർദിച്ചു. നെയ്യാർ ഡാം മരക്കുന്നത്ത്‌ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലെ നാലരയേക്കറിലായിരുന്നു വെള്ളിയാഴ്‌ച ആർഎസ്‌എസ്‌ അക്രമം. 
 
വ്യാഴാഴ്‌ച രാത്രി നിയമംലംഘിച്ച്‌ ഭൂമിയിൽ ആർഎസ്‌എസുകാർ പ്രവേശിച്ചിരുന്നു. അടച്ചിട്ട ക്ഷേത്രം തുറക്കാൻ കലക്ടർ അനുമതി നിഷേധിച്ചതോടെ ഇവർ പിൻവാങ്ങി. സ്ഥലത്ത്‌ പൊലീസ്‌–- റെവന്യു കാവൽ തുടർന്നു. വെള്ളിയാഴ്‌ച പുലർച്ചെ സ്‌ത്രീകളടക്കം മുന്നൂറോളം ആർഎസ്‌എസുകാർ ആയുധങ്ങളുമായി സ്ഥലത്തെത്തി. അനധികൃതമായി പൂജ നടത്താനൊരുങ്ങിയ സംഘത്തെ തടഞ്ഞ ലാൻഡ്‌ റെവന്യൂ തഹസിൽദാർ എ മധൂസുദനനെ  ആക്രമിച്ച്‌ സംഘം ക്ഷേത്രത്തിൽ പ്രവേശിച്ചു. നെടുമങ്ങാട്‌ ഡിവൈഎസ്‌പി സ്‌റ്റുവർട്ട്‌ കീലറിനെയും നിരവധി പൊലീസുകാരെയും തഹസിൽദാറെ അക്രമിക്കുന്ന ദൃശ്യം പകർത്തവെ ദേശാഭിമാനി ഏരിയ ലേഖകൻ പി എസ്‌ പ്രഷീദിനെയും അക്രമികൾ മർദിച്ചു. പ്രഷീദ്‌ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. തഹസിൽദാരും പൊലീസുകാരും പ്രാഥമികചികിത്സയ്‌ക്ക്‌ ശേഷം മടങ്ങി. 
 
മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയതിനും തഹസിൽദാറെ ആക്രമിച്ചതിനും പെരുമ്പഴുതൂർ ഷിബു, കാട്ടാക്കട റജി, പൊട്ടൻകാവ്‌ മണി, മണ്ണടിക്കോണം അജി, പട്ടാകുളം സ്വദേശി രതീഷ്‌, രാജഗോപാൽ, വ്‌ളാത്താൻകര ജയപ്രകാശ്‌ എന്നിവരുൾപ്പെടെ  കണ്ടാലറിയാവുന്ന 200 പേർക്കെതിരെ ജാമ്യമില്ലാവകുപ്പ്‌ പ്രകാരം കേസെടുത്തു. 
 
കള്ളിക്കാട്‌ വില്ലേജിൽ ബ്ലോക്ക്‌ 32 (1) സർവേ നമ്പരിൽ പെട്ട ഭൂമി മുമ്പ്‌  ചില സ്വകാര്യവ്യക്തികൾക്ക്‌ സർക്കാർ പാട്ടത്തിന്‌ നൽകിയിരുന്നു. 1993ൽ ഈ ഭൂമി  ഇവർ ചേങ്കോട്ടുകോണം ആശ്രമത്തിന്‌ മറിച്ചുവിറ്റു. പാട്ടവ്യവസ്ഥ ലംഘിച്ചതോടെ ഭൂമി സർക്കാരിന്റേതായി. ആശ്രമാധികാരികൾ  താൽക്കാലികമായി ക്ഷേത്രം നിർമിച്ചിരുന്നു. പിന്നീട്‌ അടച്ചു. ഭൂമി കൈയേറ്റം 2017 ൽ ദേശാഭിമാനി വാർത്തയാക്കിയപ്പോൾ സർക്കാർ അളന്നു തിട്ടപ്പെടുത്തി. കുടിവെള്ള പദ്ധതിക്ക്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ ഭൂമി വാട്ടർ അതോറിറ്റിക്ക്‌ കൈമാറി കത്ത്‌ നൽകി. നിർമാണപ്രവർത്തനത്തിന്‌ കഴിഞ്ഞദിവസം അധികൃതർ എത്തിയപ്പോൾ ആർഎസ്‌എസുകാർ തടഞ്ഞു. അവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല.  ഭൂമി പ്രശ്‌നം പരിശോധിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. 
ഇതിനിടയിലാണ്‌ വ്യാഴാഴ്‌ച രാത്രി ക്ഷേത്രം തുറന്ന്‌ ശിവരാത്രിപൂജയ്‌ക്കെന്നപേരിൽ ആർഎസ്‌എസ്‌ താവളമാക്കാൻ ശ്രമിച്ചത്‌. എന്നാൽ, കലക്ടർ അനുമതി നൽകിയില്ല. പിന്നാലെയാണ്‌ ആയുധങ്ങളുമായി സംഘടിച്ചെത്തി പൊലീസിനെയും റവന്യൂ അധികാരികളെയും ആക്രമിച്ച്‌ കയറി പൂജ നടത്തിയത്‌.
പ്രധാന വാർത്തകൾ
 Top