30 November Monday

ക്ഷേത്രനഗരിയിൽ ഉയരും കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

ടി ബി ജയപ്രകാശ്‌Updated: Wednesday Oct 21, 2020
ഗുരുവായൂർ> ഗതാഗതക്കുരുക്കിന്‌ പരിഹാരമായി ക്ഷേത്രനഗരിയിൽ റെയിൽവേ മേൽപ്പാലം ഉയരും. സ്ഥലമെടുപ്പ്‌ നേരത്തേ പൂർത്തിയാക്കി, രൂപരേഖയും തയ്യാറായതോടെ നിർമാണ നടപടികളിലേക്ക്‌ കടക്കുകയാണ്‌.  മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിലുള്ള പത്ത്‌ പദ്ധതികളിലൊന്നാണിത്‌. കിഫ്‌ബി വഴി 23.5 കോടി ചെലവിലാണ്‌ പാലം നിർമിക്കുന്നത്‌. കെ വി അബ്ദുൾഖാദർ എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളിലൂടെ കാൽ നൂറ്റാണ്ടിന്റെ ജനകീയ സ്വപ്‌നമാണ്‌ യാഥാർഥ്യമാവുന്നത്‌.
 
കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്ന് ആരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. റെയിൽവേ ഗേറ്റിന് മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌ 10.15 മീറ്ററാണ്‌ വീതി. വാഹനങ്ങൾ കടന്നുപോകുന്നതിന് 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. കാലതാമസം ഒഴിവാക്കാൻ സ്റ്റീൽ -കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രക്ചർ മാതൃക ഉപയോഗിച്ചാവും നിർമാണം. തീരമേഖലയിൽ നിന്നും തൃശൂരിലേക്കും നെടുമ്പാശേരിയിലേക്കും പോകുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് ഗുരുവായൂർ -തൃശൂർ സംസ്ഥാന പാത. ഇവിടെ നിത്യേന  36 തവണ റെയിൽവേ ഗേറ്റ് അടയ്ക്കും. ഗേറ്റ് അടച്ചാൽ നാലുകിലോ മീറ്ററോളം ഗതാഗതക്കുരുക്കും പതിവാണ്. അതിനാണ്‌ പരിഹാരമാവുന്നത്‌.
 
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കടുത്ത അവഗണനയാണ് ഗുരുവായൂർ നേരിട്ടതെന്ന്‌ കെ വി അബ്ദുൾഖാദർ എംഎൽഎ പറഞ്ഞു. റെയിൽവേ മേൽപ്പാല പ്രശ്‌നം പത്തുതവണ നിയമസഭയിൽ  സബ്‌മിഷനായി അവതരിപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാർ വന്ന ശേഷമാണ് ബജറ്റിൽ മേൽപ്പാലം ഉൾക്കൊള്ളിച്ചത്. പിന്നീട് കിഫ്ബിയിൽ ഫണ്ട്‌ അനുവദിച്ചു. 
 
മന്ത്രിമാരായ ജി സുധാകരൻ, ഇ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചു. ഭൂമി ഏറ്റെടുക്കാൻ വില നിശ്ചയിച്ച് മുന്നോട്ടുപോയി. എന്നാൽ ചിലർ കോടതിയെ സമീപിച്ചു. തുടർന്ന് ഭൂവുടമകളുമായി നിരവധിവട്ടം ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചു. ഒരു വീടുപോലും ഒഴിപ്പിക്കേണ്ടിവന്നില്ല. എന്നിട്ടും പദ്ധതിയെ തുരങ്കം വയ്ക്കാൻ ചിലർ ഹെെക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. തുടർന്ന്‌ സ്ഥലമേറ്റെടുത്ത് റോഡ്‌ ആൻഡ്‌‌ ബ്രിഡ്‌ജസ്‌ കോർപറേഷന്‌ കെെമാറുകയായിരുന്നു. ഇതോടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ കിഫ്ബി വേഗത്തിലാക്കിയതായും എംഎൽഎ പറഞ്ഞു. 
 
കിഫ്‌ബി പ്രധാന പദ്ധതി 
 
കിഫ്ബിയിൽ ഉൾപ്പെടുത്തി നിരവധി വികസന പ്രവർത്തനങ്ങളാണ്‌ മണ്ഡലത്തിൽ നടപ്പാക്കുന്നത്. 40 കോടി രൂപ ചെലവിൽ മണത്തലയിൽ നിന്നും മുതുവട്ടൂർ റോഡിലേക്ക് കനോലി കനാലിന് കുറുകെ പാലം. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഞ്ചുകോടിയുടെ കെട്ടിടം. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുന്നയൂർക്കുളം ചെറായി ഗവ. യുപി സ്കൂൾ എന്നിവയ്ക്ക് ഒരുകോടി രൂപ ചെലവിൽ കെട്ടിടങ്ങൾ. ചാവക്കാട് താലൂക്കാശുപത്രിക്ക് മൂന്നുകോടിയുടെ കെട്ടിടം എന്നിവ കിഫ്‌ബിയിലെ പ്രധാന പദ്ധതികളാണ്‌. 
മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ച്  സ്കൂളുകൾക്ക് ആധുനിക ലാബുകളും കംപ്യൂട്ടറുകളും ഹൈടെക്ക് ക്ലാസുകളും കിഫ്ബി വഴി ഒരുങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top