25 April Thursday

കാസർകോട്‌ ജാഗ്രതയിലായിരുന്നു

സ്വന്തം ലേഖകൻUpdated: Tuesday Aug 21, 2018

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണവുമായി ബന്ധപ്പെട്ട്‌ പി കരുണാകരന്‍ എം പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം

കാസർകോട്‌
കേരളമാകെ പ്രളയത്തിൽ മുങ്ങിയപ്പോഴൂം മാറിനിൽക്കുകയായിരുന്നു കാസർകോട്‌. മറ്റു പ്രദേശങ്ങളിലെ വേദനയ്‌ക്കൊപ്പം ചേർന്ന  ജില്ലാ ദുരിതബാധിത മേഖലകളിലേക്ക്‌ ആളും അർഥവും നൽകി. ഇങ്ങനെയെങ്കിലും ഏതുനിമിഷവും എത്തിയേക്കാവുന്ന കെടുതിയെ നേരിടാനുള്ള അതീവ ജാഗ്രതയിലായിരുന്നു ജില്ല. റെഡ്‌ അലർട്ട്‌ ഞായറാഴ്‌ച കഴിഞ്ഞതോടെ, സാന്ത്വന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനപ്രതിനിധികളുടെയും രാഷ്‌ട്രീയപാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗവും തിങ്കളാഴ്‌ച കലക്ടറേറ്റിൽ ചേർന്നു. 
ഇക്കുറി കാലവർഷത്തിന്റെ തുടക്കത്തിൽ കാര്യമായ നഷ്ടമായിരുന്നു ജില്ലയ്‌ക്കുണ്ടായത്‌. വിവിധയിടങ്ങളിലായി 13 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 513.37 ഹെക്ടർ കൃഷി നശിച്ചു. ഇതിലൂടെ മാത്രം 5,79,25,447 രൂപയുടെ നഷ്ടമുണ്ടായതായി ജില്ലാ കൺട്രോൾ റൂം അധികൃതർ പറഞ്ഞു. 357 വീടുകൾക്ക്‌ നാശമുണ്ടായി. ഇതിൽ 48 വീടുകൾ പൂർണമായും തകർന്നതാണ്‌. റോഡുകളുടെ തകർച്ചയെ തുടർന്ന്‌ പൊതുമരാമത്ത്‌ വകുപ്പിനും വൈദ്യുതി തൂണുകളും മറ്റും നശിച്ചതിനെ തുടർന്ന്‌ കെഎസ്‌ഇബിക്കും കോടികളുടെ നാശമാണുണ്ടായത്‌. വെള്ളരിക്കുണ്ട്‌ താലൂക്കിലാണ്‌ വ്യാപകമായ നാശമുണ്ടായത്‌. കുന്നുംകൈയിൽ റോഡിലേക്ക്‌ കുന്നിടിഞ്ഞു വീണതാണ്‌ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവം. മരുതോംതട്ട്‌ പുല്ലൊടി റോഡിൽ പാലക്കൊല്ലിയിൽ ഭീമൻ പാറ റോഡിൽ പതിച്ച്‌ ഗതാഗത സ്‌തംഭനവുമുണ്ടായി. ഇതിന്റെ താഴെ ഭാഗത്തുള്ള സി വി കോളനിയിലെ 20 കുടുംബങ്ങളെ അപകട ഭീഷണിയെ തുടർന്ന്‌ മാറ്റിപ്പാർപ്പിച്ചിരുന്നു. ബേക്കൽ മേഖലയിൽ കടൽക്ഷോഭത്തെ തുടർന്ന്‌ കോട്ടിക്കുളം, തൃക്കണ്ണാട്‌ ഭാഗങ്ങളിലെ  31 കുടുംബങ്ങളെ കോട്ടിക്കുളം ജിഎഫ്‌യുപി സ്‌കൂളിലേക്ക്‌ മാറ്റി. 68 സ്‌ത്രീകളും 38 കുട്ടികളും ഉൾപ്പെടെ 200 പേരാണ്‌ നാലുദിവസം ക്യാന്പിൽ കഴിഞ്ഞത്‌. ചേരങ്കൈ കടപ്പുറത്തും കടലാക്രമണ ഭീഷണിയുണ്ടായി. 
കാലവർഷം എത്തുന്നതിനു മുന്പുതന്നെ ജില്ലാ അധികൃതർ മുന്നൊരുക്കം തുടങ്ങിയിരുന്നു. ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ യോഗം മെയ്‌ ആദ്യം തന്നെ ചേർന്നതായി എഡിഎം എൻ ദേവിദാസ്‌ പറഞ്ഞു. ജില്ലാ, താലൂക്ക്‌ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും തുറന്നു. കാലവർഷം ശക്തമായതോടെ ഇവ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്‌. ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ യോഗം അടിയന്തരമായി ചേർന്ന്‌ സ്വീകരിക്കേണ്ട നടപടികൾ ആലോചിച്ചു. മെഡിക്കൽ ടീമുകളെ സജ്ജമാക്കി. ഫിഷറീസ്‌ റെസ്‌ക്യൂ ബോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തി. കോസ്‌റ്റൽ പൊലീസിന്‌ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. തീരപ്രദേശത്തെ ജാഗ്രതാസമിതികൾ വിളിച്ചുചേർത്ത്‌ ഏതുസ്ഥിതിയും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 
പൊലീസ്‌ പട്രോളിങ്‌ ശക്തമാക്കി. ഫയർഫോഴ്‌സിനെയും സജ്ജമാക്കി. ആവശ്യമായ ദുരന്തനിവാരണ സാമഗ്രികളും ലഭ്യമാക്കിയതായി എഡിഎം പറഞ്ഞു. ചെറുവത്തൂരിൽ ദേശീയപാതയിൽ അപകടഭീഷണിയുയർത്തിയ പാറ പൊട്ടിച്ചുമാറ്റിയതും ഇതിനിടയിലാണ്‌. 
ജില്ലയിലെ ഏതു സാഹചര്യവും നേരിടാൻ ആവശ്യമായ ഒരുക്കം നടത്തിയിരുന്നതായി എഡിഎം പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനും മുൻ കാസർകോട്‌ കലക്ടറുമായ ഇ ദേവദാസിനെ സർക്കാർ ജില്ലയിലേക്ക്‌ പ്രത്യേകം നിയോഗിച്ചിരുന്നു. ജില്ലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച കലക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തുകയുംചെയ്‌തു.
  
പ്രധാന വാർത്തകൾ
 Top