05 July Tuesday
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം

കേന്ദ്ര വിദ്യാഭ്യാസനയം രാജ്യത്തെ പിറകോട്ടടിപ്പിക്കുന്നു: മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
പുതിയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്ര സർക്കാർ ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്തെ നൂറ്റാണ്ടുകൾ പിറകിലേക്ക് നയിക്കുകയാണെന്ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. എസ്എഫ്ഐ  സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ‘ദേശീയ വിദ്യാഭ്യാസനയം ജനപക്ഷ വിദ്യാഭ്യാസത്തിന് മരണമണി' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
  പൊതുസമൂഹത്തിൽ ധാരാളം ചർച്ചകൾ നടത്തി നടപ്പാക്കേണ്ടതാണ്‌  വിദ്യാഭ്യാസ നയം. എന്നാൽ ചർച്ചയില്ലാതെ അതിനെ ഹിന്ദുത്വ തത്വശാസ്ത്രത്തിലേക്ക് നയിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ എല്ലാ അധികാരങ്ങളെയും പിഴുതെറിഞ്ഞ് കേന്ദ്ര സർക്കാരിന്റെ
ഏകീകരണ രൂപത്തിലുള്ളതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. പാർലമെൻറിൽപോലും ചർച്ച ചെയ്യാതെയാണിത് ഒളിച്ചുകടത്തുന്നത്.
 സ്വകാര്യവൽക്കരണമാണ് വിദ്യാഭ്യാസമേഖലയിലെ എല്ലാ കാര്യങ്ങൾക്കും പ്രതിവിധിയെന്നാണ് ഈ നയരേഖയിലൂടെ സ്ഥാപിക്കുന്നത്. ഹിന്ദു പുരാണങ്ങളാണ് ഇതിലെ അടിസ്ഥാന തത്വം. മറ്റു മതവിഭാഗങ്ങളെ അന്യവൽക്കരിക്കുകയാണ്‌. അഫിലിയേറ്റഡ് സംവിധാനം ഇല്ലാതാവുന്നതോടെ അധ്യാപകർ തൊഴിലില്ലാ പടയായി മാറും. വിദേശ സർവകലാശാലയിലേക്ക് വിദ്യാർഥികളെ നയിക്കുന്ന പാലമായി  നയരേഖ മാറുകയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽനിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമാവും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോർപറേറ്റുകൾക്ക് നൽകലാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
നവ വൈജ്ഞാനിക വികാസവും പുരോഗമന ചിന്തയും ലക്ഷ്യമിട്ട് ബദൽ സൃഷ്ടിക്കാനും പരിഹാരം കാണാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആയിരം കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ് അധ്യക്ഷനായി. ഡോ. കെ പി മോഹനൻ, ഡോ. കെ കെ ദാമോദരൻ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ നാൻസി, എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിധീഷ് നാരായണൻ എന്നിവർ സംസാരിച്ചു. എം കെ ശ്രീധരൻ സ്വാഗതവും പി പി സത്യനാരായണൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top