25 May Monday

ചങ്ങല പൊട്ടിക്കാൻ സാന്ത്വനത്തിന്റെ കരങ്ങളും

സ്വന്തം ലേഖികUpdated: Saturday Mar 21, 2020
കണ്ണൂർ
‘‘നമ്മളെക്കൊണ്ടാവുന്നത്‌ നമ്മളും ചെയ്യണമല്ലോ....നാട്‌ മൊത്തം പേടിച്ചിരിക്കുമ്പോ വെറുതേയിരിക്കാൻ കഴിയില്ലാ...ഇതും  ഞങ്ങൾക്ക്‌ നാടിനോടുള്ള ഉത്തരവാദിത്വമാണ്‌.’’ഐആർപിസി ജില്ലാ ഗവേണിങ്‌ ബോഡി അംഗമായ പഴയങ്ങാടിയിലെ പി വി സന്ധ്യ പറയുന്നു.  കൊറോണ പ്രതിരോധത്തിനായി ജില്ലാ ആരോഗ്യവിഭാഗം ഒരുക്കിയ പരിശോധനാ സംഘത്തിലെ വളണ്ടിയറാണ്‌ സന്ധ്യ.  
  വർഷങ്ങളായി ജില്ലയിലെ സാന്ത്വനപ്രവർത്തന മേഖലയിലെ സജീവ സാന്നിധ്യമായ ഐആർപിസി പുതിയൊരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. കൊറോണയെന്ന മഹാവ്യാധിയെ പിടിച്ചുകെട്ടാൻ ഇറങ്ങിപ്പുറപ്പെട്ട സർക്കാരിനൊപ്പം പ്രവർത്തിക്കാൻ സേവനസന്നദ്ധരായ ഒരു കൂട്ടമാളുകളെയാണ്‌ ഐആർപിസി സംഭാവനചെയ്യുന്നത്‌. 
  ജില്ലയിൽ 70 ഐആർപിസി വളണ്ടിയർമാരാണ്‌ ആരോഗ്യവകുപ്പിന്റെ പരിശോധനാ സംഘത്തിലുള്ളത്‌. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർ മുന്നോട്ടുവരണമെന്ന്‌ സർക്കാർ വെബ്‌സൈറ്റിലൂടെ നൽകിയ അറിയിപ്പനുസരിച്ചാണ്‌ ഐആർപിസി  വളണ്ടിയർമാർ മുന്നിട്ടിറങ്ങിയത്‌. ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ   പ്രത്യേക പരിശീലനവും  ഇവർക്ക്‌ ലഭിച്ചു. 
 കണ്ണൂർ, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, കണ്ണപുരം എന്നീ അഞ്ച്‌ റെയിൽവേ സ്‌റ്റേഷനുകളിലായാണ്‌ യാത്രക്കാരുടെ പരിശോധന നടക്കുന്നത്‌. ഡോക്ടർ, പൊലീസ്‌ ഉദ്യോഗസ്ഥൻ, വളണ്ടിയർ എന്നിവരാണ്‌ സംഘത്തിലുണ്ടാവുക. യാത്രക്കാരന്റെ പേരുവിവരങ്ങളും ആരോഗ്യനിലയും രേഖപ്പെടുത്തി വൈറസ്‌ബാധ സ്ഥിരീകരിച്ചില്ലെന്ന്‌ ഉറപ്പുവരുത്തിയാണ്‌ യാത്രക്കാരെ വിടുന്നത്‌. 
അടുത്ത ഘട്ടമായ വീടു കയറിയുള്ള ബോധവൽക്കരണ സംഘത്തിലും ഐആർപിസി വളണ്ടിയർമാരുണ്ടാവും. പ്രാദേശികമായി ഓരോ വീടുമായുമുള്ള പരിചയം  കൊറോണ ബോധവൽക്കരണ പ്രവർത്തനങ്ങളെ എളുപ്പമാക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌ വളണ്ടിയർമാർ.
പ്രധാന വാർത്തകൾ
 Top