13 November Wednesday
പുഞ്ചക‌ൃഷിക്ക്‌ പമ്പിങ്‌ തുടങ്ങി

പുത്തനാറായിരം പച്ചയണിയും മടവീഴ്‌ച തോൽക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

ഡി ബ്ലോക്ക് പുത്തനാറായിരം കായലിലെ മടകുത്ത് പൂർത്തിയായപ്പോൾ

 

 
മങ്കൊമ്പ്
പുളിങ്കുന്ന്‌ ഡി ബ്ലോക്കിലെ പുത്തനാറായിരം കായലിൽ മടകുത്തൽ പൂർത്തിയാക്കി പുഞ്ചക‌ൃഷിക്കുള്ള പമ്പിങ്‌ ആരംഭിച്ചു. മടവീഴ്‌ചയെത്തുടർന്ന്‌ നാലുവർഷമായി ക‌ൃഷി മുടങ്ങിക്കിടക്കുകയാണ്‌  പുത്തനാറായിരം കായലിൽ. 
കൃഷിക്കായി 240 ഹെക്‌ടറുള്ള കായൽ പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ട് 30 ലക്ഷം രൂപ ചെലവഴിച്ച് ബലപ്പെടുത്തി. 2015ൽ പുഞ്ചക‌ൃഷി ചെയ്യുമ്പോൾ മടവീഴ്‌ചയുണ്ടായിട്ടുണ്ട്‌.  പാടശേഖരസമിതിയുടെ നേത‌ൃത്വത്തിൽ വീണ്ടും ക‌ൃഷിയിറക്കിയെങ്കിലും വീണ്ടും മടവീഴ്‌ചയുണ്ടായി. തുടർന്ന് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പൈൽ  ആന്റ്‌ സ്ലാബ്‌ സാങ്കേതിക വിദ്യപ്രകാരം നിർമിച്ചു. 
കായലിന്റെ പടിഞ്ഞാറെ ബണ്ട് ബലപ്പെടുത്തുന്നതിനൊപ്പം മടകുത്തി. 2016ൽ വീണ്ടും വെള്ളം വറ്റിച്ച്‌ ക‌ൃഷി ആരംഭിച്ചു. എന്നാൽ വിതച്ച്‌ 10 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും മടവീണു. ഇതോടെ ഈ കായൽ പാടശേഖരത്തിലെ 140 മിച്ചഭൂമിയുള്ള കർഷകർക്കും മറ്റും ആയിരക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. 
 തുടർച്ചയായുണ്ടായ മടവീഴ്‌ചയെത്തുടർന്ന് ക‌ൃഷിമന്ത്രി വി എസ് സുനിൽകുമാർ കായൽ സന്ദർശിച്ചു. തുടർന്ന് മടകുത്തുന്നതിന്‌ സർക്കാർ സഹായം നൽകാമെന്ന്‌ പറഞ്ഞിരുന്നു. ഇതുപ്രകാരം മടകുത്തുന്നതിന് മൂന്നുകോടി രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ഇടപെടൽകൂടിയായപ്പോൾ മട കുത്തുന്നതിന്‌ 2.95 കോടി രൂപ അനുവദിച്ചു. പൈൽ ആന്റ്‌ സ്ലാബ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ 120 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് മടകുത്തിയത്. കൂടാതെ മടയുടെ അകത്തും പുറത്തുമായി ആറ്‌ മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിൽ പിള്ളച്ചിറയും നിർമിച്ചു. 
നിലവിൽ പുഞ്ചക‌ൃഷിക്കായി പാടത്തെ വെള്ളംവറ്റിക്കുന്ന ജോലിയാണ്‌ നടക്കുന്നത്. ക‌ൃഷിയില്ലാതെ കിടന്നതിനാൽ കർഷകർക്ക്‌ പ്രളയവുമായി ബന്ധപ്പെട്ട സഹായം ലഭിച്ചില്ല. ആറായിരം പാടശേഖരത്തിലെ കർഷകർക്കുകൂടി സഹായം ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി ജോസഫ് തോമസ് തറയിൽ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top