13 November Wednesday

എൽഡിഎഫ്‌ മികച്ച വിജയം നേടും: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
തിരുവനന്തപുരം 
വട്ടിയൂർക്കാവ്‌ മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ്‌ ചരിത്രവിജയം നേടുമെന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മേൽനോട്ടം വഹിക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ബൂത്തുകൾ കേന്ദ്രീകരിച്ച്‌ ചിട്ടയായ പ്രവർത്തനമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട്‌ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എൽഡിഎഫ്‌ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. ഇത്‌ പ്രചാരണരംഗത്ത്‌ മേൽക്കൈ നേടാൻ സഹായിച്ചു. 
 
സ്ഥാനാർഥിയെന്ന നിലയിൽ വി കെ പ്രശാന്തിന്‌ ലഭിച്ച മുൻതൂക്കം എൽഡിഎഫിന്‌ വലിയ നേട്ടമായി. ഇതിനൊപ്പം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ജനങ്ങൾ നൽകും. ഈ രണ്ട്‌ വിഷയത്തിൽ ഊന്നിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. അത്‌ ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞു. തുടക്കംമുതൽ എൽഡിഎഫ്‌ മുന്നിലാണ്‌. എല്ലാ വിഭാഗം ജനങ്ങളിൽനിന്നും സ്ഥാനാർഥിക്ക്‌ പിന്തുണ നേടാനായി. മണ്ഡലത്തിലെ ജനങ്ങളുടെ സ്ഥാനാർഥിയായി മാറാനായി. 
 
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ല. അന്ന്‌ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫിന്‌ വോട്ടുചെയ്‌തവർ ഉൾപ്പെടെ ഇത്തവണ എൽഡിഎഫിനൊപ്പമാണ്‌. നിഷ്‌പക്ഷരായ വോട്ടർമാരുടെ പിന്തുണയും എൽഡിഎഫ്‌ സ്ഥാനാർഥിക്കുണ്ട്‌. മണ്ഡലത്തിന്റെ വികസനമാണ്‌ മുഖ്യചർച്ചയായത്‌. നിലവിലെ എംഎൽഎ ഇക്കാര്യത്തിൽ ആത്മാർഥമായി പരിശ്രമിച്ചിട്ടില്ല. പേരൂർക്കടയുടെയും വട്ടിയൂർക്കാവിന്റെയും വികസനം യാഥാർഥ്യമാക്കേണ്ടതുണ്ട്‌. അതോടൊപ്പം അടിസ്ഥാനപരമായ ഒട്ടേറെ ആവശ്യങ്ങൾ ജനങ്ങൾക്കുണ്ട്‌. 
 
ഇതിനെല്ലാം പരിഹാരം എൽഡിഎഫിന്റെ വിജയമാണ്‌. സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുന്ന ഒരാളെയാകണം തെരഞ്ഞെടുക്കേണ്ടത്‌ എന്ന വികാരം പ്രബലമാണ്‌. ഇതെല്ലാം ചേർത്ത്‌ വിലയിരുത്തുമ്പോൾ എൽഡിഎഫ്‌ മികച്ച വിജയം നേടുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ആനാവൂർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top