13 November Wednesday
തോക്കുചൂണ്ടി മാലമോഷണം

സത്യദേവിനെ പരാതിക്കാർ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019
 
 
കൊല്ലം
തോക്കുചൂണ്ടി മാല മോഷണം നടത്തിയ കേസിൽ മുഖ്യപ്രതി സത്യദേവിനെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. പള്ളിത്തോട്ടം ടാഗോർ  റോഡിലെ അഞ്ജലി നഗറിൽ വാടകയ്ക്കു താമസിച്ച വീട്, കൊല്ലം ബീച്ച്, ബീച്ച് റോഡിൽ സൂപ്പർ മാർക്കറ്റിനു സമീപം, കർബലയിൽ ഫാത്തിമമാതാ കോളേജിന് സമീപം, പട്ടത്താനം അങ്കണവാടിക്കു സമീപം എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ തെളിവെടുപ്പ് നടന്നത്. എല്ലായിടത്തും പ്രതിയെ നാട്ടുകാരും പരാതിക്കാരും തിരിച്ചറിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സത്യദേവിന്റെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചു. കനത്ത പൊലീസ് കാവലിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
തുടർന്ന് പ്രതിയെ കൊല്ലം സിജെഎം കോടതിയിൽ ഹാജരാക്കുകയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുകയുംചെയ്തു. കൊല്ലം എസിപി പ്രദീപ്‌കുമാർ, സിഐ രാജേഷ്, ഈസ്റ്റ്‌ എസ്ഐ എം മനോജ്, വെസ്റ്റ്‌ എസ്ഐ ആർ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മൂന്നുദിവസമായി കൊല്ലം ഈസ്റ്റ്‌ പൊലീസ് കസ്റ്റഡിയിലായിരുന്നു സത്യദേവ്. കൊല്ലം സിറ്റി പൊലീസ് മേധാവി പി കെ മധുവിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. കുണ്ടറ ആറുമുറിക്കട നെടുമൺകാവ് റോഡിലെ തളവൂർക്കോണം, മുളവന കട്ടകശേരി എന്നിവിടങ്ങളിലെ മോഷണത്തിനു ശേഷമാണ് സത്യദേവ് കൊല്ലം നഗരത്തിലെത്തി മോഷണം നടത്തിയത്. കേസിൽ സത്യദേവിനെ തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്  കുണ്ടറ പൊലീസും കോടതിയെ സമീപിച്ചിട്ടുണ്ട്. 
അതേസമയം കേസിൽ വൈകാതെ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. കേസിൽ മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യദേവിന്റെ സഹായികളെ തേടി കുണ്ടറ എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ എത്തി.
വേണം കനത്ത പൊലീസ്‌ കാവൽ 
തോക്കുചൂണ്ടി മാലകവർച്ച നടത്തിയ സത്യദേവിനെ ജയിലിനു പുറത്തുകൊണ്ടു പോകുന്നത് കനത്ത പൊലീസ് കാവലിൽ ആയിരിക്കണമെന്ന് ഉത്തരേന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകിയെന്ന് സൂചന. നൂറിലധികം ഗുണ്ടകളുടെ നേതാവാണ്‌ സത്യദേവ്‌. പൊലീസ് സ്റ്റേഷനിൽനിന്ന്‌ ഇയാളെ ബലമായി മോചിപ്പിച്ചിട്ടുള്ള അനുഭവമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കുവച്ചത്. ഇതിന്റെ ഭാഗമായി കൊല്ലം ഈസ്റ്റ്‌ പൊലീസ് ലോക്കപ്പിൽ കഴിഞ്ഞ സത്യദേവ് യന്ത്ര തോക്കേന്തിയ അഞ്ച് പൊലീസുകാരുടെ  കാവലിലുമായിരുന്നു. രാത്രിയിൽ പൊലീസ് സ്റ്റേഷനു പുറത്ത് പ്രത്യേക പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തി. ശക്‌തമായ നിരീക്ഷണവും ഉറപ്പു വരുത്തി
അക്കൗണ്ടിൽ 5 ലക്ഷം 
സത്യദേവിന്റെ ബാങ്ക്‌ അക്കൗണ്ടിൽ മിച്ചമുള്ളത്‌ അഞ്ചുലക്ഷം രൂപയെന്ന്‌ പൊലീസ്‌.  ബാങ്ക്‌ അക്കൗണ്ടുകൾ പൊലീസ്‌ കഴിഞ്ഞ ദിവസമാണ്‌ പരിശോധിച്ചത്‌. ഇയാൾ ബിനാമി ഇടപാടുകളിൽ വസ്‌തു വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന വിവരം പൊലീസിന്‌ ലഭിച്ചതായിട്ടാണ്‌ സൂചന.
 ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ ഇയാൾക്ക്‌ നിക്ഷേപങ്ങൾ ഉള്ളതായും സംശയിക്കുന്നു. ഇവ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാത്തത്‌ പിടിക്കപ്പെടും എന്നതിനാലാണ്‌.
പ്രധാന വാർത്തകൾ
 Top