20 September Monday

ടോക്യോ ഒളിമ്പിക്സ് 
ദീപശിഖാ പ്രയാണം 22ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021
തൃശൂർ
ജില്ലാ സ്പോർട്സ് കൗൺസിലും  ജില്ലാ ഒളിമ്പിക് അസോസിയേഷനും തൃശൂർ സായിയും സംയുക്തമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഒമ്പത്‌ കായികതാരങ്ങൾക്ക് ഐക്യദാർഢ്യവും വിജയാശംസകളും അർപ്പിച്ച്‌ 22ന്‌ ദീപശിഖാ പ്രയാണം സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന പ്രയാണം മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്യും.  തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച് റൗണ്ടിനു ചുറ്റും 25 അസോസിയേഷനുകളുടെ ബാനറിൽ കായിക താരങ്ങൾ അണിനിരന്ന് ഓരോ അസോസിയേഷനുകളും ദീപശിഖ കൈമാറി തേക്കിൻക്കാട് മൈതാനത്ത് സമാപിക്കും. സമാപനം ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ നിർവഹിക്കും. വിദ്യാർഥികൾ, സ്പോർട്സ് താരങ്ങൾ, കായികപ്രേമികൾ, വ്യാപാരികൾ, ബഹുജനങ്ങൾ എന്നിവർ 22ന് വൈകിട്ട്‌ഏഴിന്‌ ദീപം തെളിയിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് ഐക്യദാർഢ്യവും വിജയാശംസകളും നേരും. ഒളിമ്പിക്സിന്റെ പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മത്സരം സംഘടിപ്പിക്കും. 
സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സോഷ്യൽ മീഡിയയിൽ ഒളിമ്പിക്സിനെക്കുറിച്ച് ഒരു വീഡിയോ അല്ലെങ്കിൽ പോസ്റ്റർ തയ്യാറാക്കി കേരള ഒളിമ്പിക്സ് അസോസിയേഷൻ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യാം. കായിക മേഖലയിലുള്ളവർക്കും ക്ലബ്ബുകൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അതിന്റെ വീഡിയോയും ഫോട്ടോഗ്രാഫും കേരള ഒളിമ്പിക് അസോസിയേഷന് അയക്കണം. 
തൃശൂർ ജില്ലാ ഒളിമ്പിക്സ്‌ അസോസിയേഷന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ക്വിസ് മത്സരം നടത്തും. വിഡിയോ മത്സരവിജയികൾക്ക് ഒന്നാം സമ്മാനം രണ്ടുലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 വീതം രണ്ടു പേർക്ക്, ക്വിസ് മത്സരവിജയികൾക്ക് 5000,3000,2000 രൂപയും സമ്മാനമായി നൽകും.
വാർത്താസമ്മേളനത്തിൽ കെ ആർ സാംബശിവൻ, ബിന്നി ഇമ്മട്ടി, ഡോ. സ്റ്റാലിൻ റാഫേൽ, കെ എൽ മഹേഷ്,  പി ബി അജയകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top